പത്തനംതിട്ട : ജില്ലാ പോലീസ് ജനമൈത്രി സമിതി യോഗവും ശില്പശാലയും നടത്തി. പത്തനംതിട്ട താഴെ വെട്ടിപ്രം ലയൺസ് ക്ലബ് ഹാളിൽ രാവിലെ 10 ന് പരിപാടി മാത്യു ടി തോമസ് എം എൽ എ ഉത്ഘാടനം ചെയ്തു. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പൊതുജനങ്ങളും ജനമൈത്രി പോലീസും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നും ഏത് സമയത്തും ആശ്രയിക്കാവുന്ന സംവിധാനമായി ജനമൈത്രി പോലീസ് മാറിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സ് സ്വാഗതം പറഞ്ഞു. ഡി സി ആർ ബി ഡി വൈ എസ് പി എസ് വിദ്യാധരൻ, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആർ ജയരാജ്, റാന്നി ഡി വൈ എസ് പി ജി സന്തോഷ് കുമാർ പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നുമുള്ള ജനമൈത്രി സമിതി അംഗങ്ങൾ, ബീറ്റ് ഓഫീസർമാർ തുടങ്ങിയവരും പങ്കെടുത്തു. വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ജനമൈത്രി സംവിധാനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ശില്പശാലയിൽ പങ്കെടുത്ത ഭൂരിപക്ഷം സമിതി അംഗങ്ങളും അഭിപ്രായപ്പെട്ടു. കുട്ടികളുടെയും യുവാക്കളുടെയും ലഹരി ഉപയോഗം, ഇതിനെതിരായ ബോധവൽക്കരണം, പ്രധാന നിരത്തുകളിലെ ഗതാഗത പ്രശ്നങ്ങൾ, ചില സ്റ്റേഷനുകളിലെ വാഹനങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അംഗങ്ങൾ ഉയർത്തിക്കാട്ടി. ഇവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജനമൈത്രി സമിതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കുന്നതിനെപ്പറ്റി റാന്നി ഡി വൈ എസ് പി ക്ലാസ്സെടുത്തു.