പത്തനംതിട്ട :
ഭക്ഷ്യ സുരക്ഷാ ഹെൽത്ത് കാർഡുകളിൽ വ്യാജൻമാരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നു. പത്തനംതിട്ടയിൽ കേറ്ററിങ് സ്ഥാപനത്തിന് വ്യാജ ഹെൽത്ത് കാർഡുകൾ ലഭിച്ചെന്ന സംശയം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് സംസ്ഥാന വ്യാപകമായി ഹോട്ടൽ, കേറ്ററിംഗ് സ്ഥാപനങ്ങളിൽ പരിശോധന നടത്തുവാൻ സർക്കാർ ഒരുങ്ങുന്നത്. ഹെൽത്ത് കാർഡ് ഇല്ലാതെയോ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുമായോ ജീവനക്കാർ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. ഭക്ഷണം തയ്യാറാക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും രോഗമില്ലെന്ന് ഉറപ്പ് വരുത്താൻ കൂടിയാണ് ഹെൽത്ത് കാർഡ് നൽകുന്നതെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഒരു വർഷമാണ് കാലാവധി.
ഹോട്ടൽ, കേറ്ററിംഗ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഒരു ചെറിയ ശതമാനത്തിനു മാത്രമേ നിലവിൽ ഭക്ഷ്യ സുരക്ഷാ ഹെൽത്ത് കാർഡുകൾ ഉള്ളു. ഇരുപതു തൊഴിലാളികൾ ഉണ്ടെങ്കിൽ അതിൽ അഞ്ചുപേർക്ക് മാത്രമായിരിക്കും ഹെൽത്ത് കാർഡുകൾ ഉള്ളത്. മിക്ക ഹോട്ടലുകളിലും ആഹാരം പാകംചെയ്യുന്നതും കൈകാര്യം ചെയ്യുന്നതും ഇതരസംസ്ഥാന തൊഴിലാളികളാണ്. പലർക്കും ഗുരുതരമായ രോഗങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാം. ഹെൽത്ത് കാർഡുകൾ ഇല്ലാത്തതിനാൽ ഇക്കാര്യം മൂടിവെക്കപ്പെടുന്നു. ഇതിനിടയിലാണ് പത്തനംതിട്ടയിൽ വ്യാജ ഹെൽത്ത് കാർഡുകൾ ഉണ്ടെന്ന സംശയവും ഉയരുന്നത്. മുൻ കാലങ്ങളിൽ കുറ്റമറ്റ നിലയിൽ പരിശോധനകളും കർശന നടപടികളും ഉണ്ടായിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യ വിഭാഗവും പരിശോധനകളിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.