തിരുവല്ല: പത്തനംതിട്ട ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന നൂതന പരിപാടിയായ മികവിന്റെ വഴികള്‍ ഉജ്ജ്വലം 2022ന് തുടക്കമായി. ഡയറ്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ അവലോകന യോഗം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ പി. തോമസ് ഉദ്ഘാടനം ചെയ്തു. തിരുവല്ല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. മിനികുമാരി അധ്യക്ഷത വഹിച്ചു.
ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാലന്‍ പരിപാടികള്‍ വിശദീകരിച്ചു. ജില്ലയിലെ അന്‍പതില്‍ അധികം വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന നൂതന പരിപാടികളുടെ അവതരണവും ചര്‍ച്ചയും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും യോഗത്തില്‍ നടന്നു. വെണ്ണിക്കുളം എഇഒ സുധാകരന്‍ ചന്ദ്രോത്ത്, മല്ലപ്പള്ളി എഇഒ എം.ആര്‍. സുരേഷ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സമാപന യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ബീനാ റാണി, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളായ കെ.കെ. ദേവി, പി.വി. ശുഭ എന്നിവര്‍ സംസാരിച്ചു.