പത്തനംതിട്ട :
ജനകീയവും കേന്ദ്രീകൃതവുമായ ഇടപെടലിലൂടെ പട്ടികജാതി വിഭാഗക്കാരായ വ്യക്തികളുടെയും കുടുംബത്തിന്റെയും ജീവിത ഗുണനിലവാരവും സുസ്ഥിരവികസനവും ഉറപ്പുവരുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ‘സമുന്നതി’ പദ്ധതിയുടെ ഭാഗമായി ഇലവുംതിട്ട മൂലൂർ സ്മാരക ഹാളിൽ സംഘടിപ്പിച്ച പട്ടികജാതി മൈക്രോപ്ലാൻ നൈപുണ്യ പരിശീലനത്തിന്റെയും ബ്രിഡ്ജ് കോഴ്സുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
മാതൃകാപരവും ജനകീയവുമായ പ്രവർത്തനമാണ് മെഴുവേലി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്.
ഇതിലൂടെ പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനം സാധ്യമായെന്നും മന്ത്രി പറഞ്ഞു. ബ്രിഡ്‌ജ് കോഴ്സുകൾക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൈലറ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തുതല പട്ടികജാതി മൈക്രോ പ്ലാനിന്റെ തുടർച്ചയായി കുടുംബശ്രീ മിഷൻ സമുന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി 49.5 ലക്ഷം രൂപ അനുവദിച്ചു. മൈക്രോപ്ലാനിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ അഭ്യസ്തവിരായ തൊഴിലന്വേഷകർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള നൈപുണ്യ പരിശീലനവും വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടാണ് ബ്രിഡ്ജ് കോഴ്സുകൾ നടപ്പിലാക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പിങ്കി ശ്രീധർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ആർ. അജയകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി. എസ്. അനീഷ് മോൻ, മുൻ എംഎൽഎ കെ സി രാജഗോപാൽ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ. അജിത് കുമാർ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം സി. വിനോദ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. ആദില, അസിസ്റ്റൻറ് ജില്ലാ മിഷൻ കോർഡിനേറ്റർ കെ ബിന്ദു രേഖ, വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ബി. ഹരികുമാർ, നൈപുണ്യ അക്കാദമിക് കമ്മിറ്റി കൺവീനർ നൈതിക്, മെഴുവേലി സിഡിഎസ് ചെയർപേഴ്സൺ രാജി ദാമോദരൻ എന്നിവർ പങ്കെടുത്തു.