പത്തനംതിട്ട :എട്ടുവയസ്സുകാരിയായ മകളെ തല്ലുന്നത് കണ്ട് തടസ്സം പിടിച്ച വയോധികനെ മർദ്ദിച്ച കേസിൽ ഇദ്ദേഹത്തിന്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ നെടുമൺകാവ് കൈലാസകുന്ന് പാറക്കൽ വീട്ടിൽ ഗോപാലന്റെ മകൻ ബാലകൃഷ്ണ(62)നെ മർദ്ദിച്ച മകൻ ഓമനക്കുട്ട(42) നെയാണ് കൂടൽ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി 8 മണിക്ക് വീട്ടിൽ വച്ചാണ് സംഭവം. കുട്ടിയെ തലയ്ക്ക് തട്ടുകയും പുറത്ത് ചവുട്ടുകയും ചെയ്ത പ്രതിയെ തടഞ്ഞപ്പോഴാണ് പിതാവായ ബാലകൃഷ്ണന് മർദ്ദനമേറ്റത്. അസഭ്യം വിളിച്ചുകൊണ്ടു പിടിച്ചുതള്ളിത്താഴെയിടുകയും, വെട്ടുകത്തി കൊണ്ട് കൊല്ലുമെന്ന് ആക്രോശിച്ച് കഴുത്തിനു നേരേ വീശുകയുമായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ വെട്ട് കൊള്ളാതെ രക്ഷപ്പെട്ടു.
ഇന്ന് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത് അനുസരിച്ച്, ബാലകൃഷ്ണന്റെ മൊഴിവാങ്ങി മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനും ബാലനീതിനിയമപ്രകാരവും കൂടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണം ആരംഭിച്ച പോലീസ് വെട്ടുകത്തി വീട്ടിൽ നിന്നും പിടിച്ചെടുത്തു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടൽ പോലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ, എസ് ഐ കെ പി ബിജു, എസ് സി പി ഒമാരായ സജി, അജി കർമ, ദീപ്തി, സി പി ഓമരായ ഗോപൻ, അനൂപ്, സുബിൻ, അനൂപ് എന്നിവരാണുള്ളത്.