പത്തനംതിട്ട :
തെരഞ്ഞടുപ്പ് ചെലവ് സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണാ പറഞ്ഞു.
ചിഹ്നങ്ങളോ പോസ്റ്ററുകളോ പതിപ്പിച്ച വാഹനങ്ങളുടെ ചെലവ്, ബാരിക്കേഡുകള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണം, പൊതു പരിപാടികളുടെ വിവരങ്ങള്‍ എന്നിവ കൃത്യമായി ശേഖരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
തെരഞ്ഞെടുപ്പ് വേളയില്‍ ഓരോ സ്ഥാനാര്‍ഥിയും നാമനിര്‍ദ്ദേശ ദിവസം മുതല്‍ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരെയുളള (രണ്ടു തീയതിയും ഉള്‍പ്പെടെ) കണക്കുകള്‍ സൂക്ഷിക്കണം.
തെരഞ്ഞെടുപ്പ് ചെലവിന്റെ കൃത്യമായ കണക്ക് ഫലപ്രഖ്യാപനം മുതല്‍ 30 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. 30 ദിവസം കണക്കാക്കുന്നതിന് ഫല പ്രഖ്യാപന ദിവസം ഒഴിവാക്കണം. നിശ്ചിത രീതിയില്‍ നിശ്ചിത സമയത്തിനകം തെരഞ്ഞെടുപ്പ് കണക്ക് സമര്‍പ്പിച്ചില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ മൂന്ന് വര്‍ഷത്തേക്ക് അയോഗ്യനാക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ ആരംഭിച്ച പ്രത്യേക ബാങ്ക് അക്കൗണ്ടിലാകണം പണമെല്ലാം നിക്ഷേപിക്കേണ്ടത്. അക്കൗണ്ടില്‍ നിന്ന് പണം ചെലവഴിക്കുന്നത് സ്ഥാനാര്‍ഥി മാത്രമായിരിക്കണം. ചെലവ് സംബന്ധിച്ച കണക്ക് ജില്ലാ ചെലവ് നിരീക്ഷകന് സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉണ്ടാകണം. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പ്രചരണ കാലയളവില്‍ ഉള്‍പ്പെടെ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 10,000 രൂപ മാത്രമേ പണമായി ചെലവാക്കാന്‍ കഴിയൂ. മറ്റ് തെരഞ്ഞെടുപ്പ് ചെലവുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാകണം.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ അനില്‍കുമാര്‍, സ്ഥാനാര്‍ഥികള്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.