പത്തനംതിട്ട : ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ക്വിസ് മത്സരം തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്വീപ് പ്രചരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. വോട്ടവകാശം കടമയ്‌ക്കൊപ്പം ഉത്തരവാദിത്വം ആണെന്ന ബോധ്യം വിദ്യാര്‍ഥികളില്‍ ഉണ്ടാകണമെന്ന് കളക്ടര്‍ പറഞ്ഞു. ചിട്ടയോടുകൂടിയ ബൃഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് രാജ്യത്ത് നടക്കുന്നത്. സ്വീപിന്റെ നേതൃത്വത്തില്‍ വിവിധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനം തിരുവല്ല പുഷ്പഗിരി ഡെന്റല്‍ കോളജും രണ്ടാം സ്ഥാനം അടൂര്‍ സെന്റ് സിറില്‍സ് കോളജും മൂന്നാം സ്ഥാനം പത്തനംതിട്ട കാതോലിക്കേറ്റ് കോളജും കരസ്ഥമാക്കി. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനമായി നല്‍കി. വിവിധ കോളജുകളില്‍ നിന്നായി രണ്ടു പേരടങ്ങിയ 16 ടീം പങ്കെടുത്തു. ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, സ്വീപ് നോഡല്‍ ഓഫീസര്‍ ബിനു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.