കോഴഞ്ചേരി :
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗങ്ങളില്‍ അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തി സാമൂഹ്യനീതി നടപ്പാകുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോഴഞ്ചേരി താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ജനോപകാരപ്രദമായ ഒരു വലിയ കര്‍ത്തവ്യമാണ് സംസ്ഥാന പൊതുവിതരണവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ പരിശോധനകളിലൂടെയാണ് മുന്‍ഗണനാപ്പട്ടിക തയാറാക്കിയിട്ടുള്ളത്. നവകേരളസദസ്സിലും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിച്ചവരെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചടങ്ങില്‍ താലൂക്കിലെ 10 കുടുംബങ്ങള്‍ക്കാണ് കാര്‍ഡ് വിതരണം ചെയ്തത്. ഫെബ്രുവരി അഞ്ചിന് ശേഷം 90 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഓണ്‍ലൈനായി ലഭിക്കുമെന്ന് ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു. അക്ഷയ സെന്റര്‍ മുഖേനയോ സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയോ ഫെബ്രുവരി അഞ്ചിന് ശേഷം പ്രിന്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഒക്ടോബര്‍ 10 മുതല്‍ 30 വരെയുള്ള തീയതികളില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരെയും നവകേരളസദസ്സില്‍ അപേക്ഷിച്ചവരെയുമാണ് പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ എ. ഷിബു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ എ. ഷാജു, വകുപ്പുതല ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കടുത്തു.