കോഴഞ്ചേരി :
അഭ്യസ്തവിദ്യരായ എല്ലാവർക്കും തൊഴിൽ ഉറപ്പാക്കാൻ ഉള്ള തീവ്രയത്നപരിപാടിയാണ് ജോബ് സ്റ്റേഷനിലൂടെ ലക്ഷ്യമാക്കുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആറന്മുള മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം കോഴഞ്ചേരി പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024-ൽ മുന്നോട്ടു വച്ച ആശയത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലും ജോബ് സ്റ്റേഷനുകൾ ആരംഭിച്ചിരിക്കുന്നത്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരള നോളെജ് മിഷന്റെ ഡിഡബ്ല്യൂഎംഎസ് പോർട്ടലിൽ ജില്ലയിൽ 5000 പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എല്ലാവർക്കും തൊഴിൽ ലഭിക്കുന്നതിന് വിവിധ തൊഴിൽദാതക്കളെ കൂട്ടിച്ചേർത്തു ക്രിയാത്മകമായ ഒരു ഇടമാണ് ഒരുക്കിയിരിക്കുന്നത്. ആറന്മുള നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷൻ കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ആണ്. തൊഴിൽ എന്ന ലക്ഷ്യം നേടാൻ എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പിങ്കി ശ്രീധർ, കെ.ബി ശശിധരൻപിള്ള, സി.എസ് ബിനോയ്, വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷൻ കോർഡിനേറ്റർ ബീന ഗോവിന്ദൻ, കേരള നോളജ് ഇക്കോണമി മിഷൻ റീജിയണൽ പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.