പത്തനംതിട്ട : പ്രകൃതിയെ തൊട്ടറിഞ്ഞ് ആകൃഷ്ടരായി എല്ലാവരും അറിവു നേടണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. തദ്ദേശസ്വയം ഭരണ വകുപ്പ്, വനം വകുപ്പ്, സീതത്തോട് ഗ്രാമപഞ്ചായത്ത്, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന് എന്നിവ സംയുക്തമായി ആങ്ങമൂഴി ഗൂഡ്രിക്കല്‍ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് മുതല്‍ നിലയ്ക്കല്‍ പള്ളി വരെ നടത്തിയ മഴനടത്തത്തിന്റെയും ഫോറസ്റ്റ് ക്ലീന്‍ ഡ്രൈവിന്റേയും സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. മഴ നടത്തം എന്നും അവിസ്മരണീയമായ ഒന്നായി മാറണം. ഓരോ തവണയും തിരിച്ചു വരുവാനുള്ള അനുഭവമാണ് പ്രകൃതിയുമായി ഇടപഴകുമ്പോള്‍ ഉണ്ടാകുന്നത്.
തളച്ചിടുന്ന വിശ്രമ വിനോദങ്ങളാണ് ആധുനിക ലോകത്ത് ഇപ്പോഴുള്ളത്. എന്നാല്‍, പ്രകൃതിയുമായി ഇടപഴകാന്‍ കഴിയുന്നത്രയും ഇടപെടുകയാണ് വേണ്ടത്. പ്രകൃതിയും മനുഷ്യനും ഒത്തൊരുമിച്ച് ജീവിക്കുന്ന നാടാണ് പത്തനംതിട്ടയെന്നും കളക്ടര്‍ പറഞ്ഞു. മാലിന്യമുക്തനവകേരളം കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഡ്രൈവില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും കളക്ടര്‍ നടത്തി. ഗുഡ്രിക്കല്‍ റേഞ്ച് ഓഫീസര്‍ എസ്. മണി പരിസ്ഥിതിയും വനനിയമങ്ങളും സംബന്ധിച്ച് വിഷയാവതരണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൈവവൈവിധ്യസംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി വനം മേഖലയിലെ അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, വൈസ് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലജ അനില്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ജോബി ടി ഈശോ, ഇലന്തൂര്‍ ബിഡിഒ സി.പി. രാജേഷ്കുമാര്‍, ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പഞ്ചായത്ത് അംഗങ്ങള്‍, കോളജ് വിദ്യാര്‍ഥികള്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.