തിരുവല്ല :
കേരളത്തിന്റെ വികസനം എന്നതിൽ പുതിയ കാഴ്ചപ്പാടും ഇടപെടലുകളും തീർത്താണ് കേരള പഠന കോൺഗ്രസ് നടപ്പിലാക്കിയത്. അതിന്റെ അടുത്ത ചുവടുവെയ്പ്പാണ് ഇത്തരം കോൺക്ലേവുകളെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിക്കുക എന്നത് ഏറ്റവും പ്രധാന്യമുള്ളതാണ്. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വലിയ പങ്കാണ് പ്രവാസികൾ തീർത്തത്. ഈ പങ്കിനെ നാം ആദരവോടെ കാണണം. പ്രവാസ ലോകത്ത് എത്തപ്പെട്ടിട്ട് തിരികെ വരുന്നവർ ഉൾപ്പെടെ നേരിടുന്ന പ്രശ്നങ്ങളെ ഗൗരവത്തോടെ കാണേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വമാണ് ലോക കേരള സഭയിലൂടെ നടപ്പിലാക്കിയത്.
രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്തരത്തിൽ പ്രവാസികളുടെ അഭിപ്രായത്തിന് കാതോർക്കാറില്ല. നടപ്പിലാക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഈ കോൺക്ലേവിലൂടെ ചർച്ച ചെയ്യുന്നത്. കൃഷിയുമായി ബന്ധപ്പെട്ടും വലിയ ഇടപെടൽ നടത്താൻ ഇതിലൂടെ സാധിക്കും. ഒരു കൃഷി ഭവൻ ഒരു സംരംഭം തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നത്. ഈ കോൺക്ലേവിൽ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന തീരുമാനങ്ങളെ കൃഷി വകുപ്പ് സ്വാഗതം ചെയ്യുന്നതായും മന്ത്രി പി പ്രസാദ് പറഞ്ഞു.