അടൂർ : ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഏപ്രില്‍ 11ന് വൈകുന്നേരം 4.30ന് കൊടുമണ്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. നിയമസഭ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി, അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ജനപ്രതിനിധികള്‍, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കിഫ്ബിയില്‍ നിന്നും 41.18 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ച പദ്ധതി കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയിലാണ് നിര്‍മാണം നടത്തുന്നത്.
അടൂര്‍, കോന്നി നിയോജകമണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഈ റോഡ് വികസന പദ്ധതി ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായാണ് അനുവദിച്ചത്. കായംകുളം – പുനലൂര്‍ സംസ്ഥാന പാതയില്‍ നിന്ന് ആരംഭിച്ച് അടൂര്‍-പത്തനംതിട്ട ദേശീയ പാതയില്‍ ചേരുന്നതാണ് ഈ റോഡ്. ചന്ദനപ്പള്ളി ദേവാലയങ്ങള്‍, ചിലന്തിയമ്പലം, കൊടുമണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഈ റോഡ് പ്രയോജനകരമാണ്.
അടൂര്‍, കോന്നി താലൂക്കുകളില്‍ ഉള്‍പ്പെട്ട ഈ റോഡ് എംസി റോഡിനും എന്‍എച്ചിനും സമാന്തരമായി ഏഴംകുളം, കൊടുമണ്‍, വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ റോഡ് പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയുടെ സമഗ്രവികസനം സാധ്യമാകും. കൂടാതെ ശബരിമല തീര്‍ഥാടകര്‍ക്കും ഏറ്റവും പ്രയോജനകരമായി ഇതു മാറും.
10.208 കി.മി നീളമുള്ള റോഡിന്റെ മൊത്തം വീതി 12 മീറ്ററാണ്. ഒന്‍പതു മീറ്റര്‍ വീതിയില്‍ ബിഎം ആന്‍ഡ് ബിസി ആധുനിക നിലവാരത്തിലാണ് നിര്‍മാണം. റോഡ് ദീര്‍ഘകാലം നിലനില്‍ക്കുന്നതിന് ആവശ്യമായ ഓടകള്‍, കലുങ്കുകള്‍, സംരക്ഷണ ഭിത്തികള്‍, കിഫ്ബി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആവശ്യമായ എല്ലാ ഘടകങ്ങളും റോഡ് നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനാല്‍ പാലം വീതി കൂട്ടി നിര്‍മിക്കും. എല്ലാ റോഡ് സുരക്ഷാ മാര്‍ഗങ്ങളും അവലംബിക്കും. 12 മാസമാണ് നിര്‍മാണ കാലാവധി. രാജി മാത്യു ആന്‍ഡ് കമ്പനിക്കാണ് നിര്‍മാണ ചുമതല.