പത്തനംതിട്ട : വെയില്‍ തെളിഞ്ഞിട്ടും നഗരത്തിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളമിറങ്ങുന്നില്ല. റിങ് റോഡ് പരിസരത്തുള്ള കോ-ഓപ്പറേറ്റീവ് കോളേജ്, മൃഗാശുപത്രി, നഗരസഭയുടെ പഴയ മാലിന്യസംസ്‌കരണ പ്ലാന്റ്, ഭവന്‍സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഒരാള്‍പ്പൊക്കം വെള്ളമുണ്ട്. ജില്ലാ സ്റ്റേഡിയംമുതല്‍ കല്ലറക്കടവ്, അഴൂര്‍, പ്രമാടംറോഡ്, മറൂര്‍ റോഡ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ്, ഡ്രസിങ് റൂം, അഴൂര്‍ ജങ്ഷനിലുള്ള വാര്‍ക്ഷോപ്പ് എന്നിവിടങ്ങളിലും വെള്ളമുണ്ട്. അച്ചന്‍കോവിലാറിനോട് ചേര്‍ന്ന ഈ പ്രദേശത്തെ പത്തോളം വീടുകളില്‍ ഇപ്പോഴും വെള്ളമൊഴിഞ്ഞിട്ടില്ല.
കല്ലറക്കടവില്‍ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് കേന്ദ്രത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പമ്പിങ് നിര്‍ത്തിവെച്ചതോടെ നഗരസഭയുടെ മിക്ക ഭാഗത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്. വെള്ളം താഴേക്ക് ഇറങ്ങിയാലും പമ്പിങ് ആരംഭിക്കണമെങ്കില്‍ രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. കുടിവെള്ളക്ഷാമം രൂക്ഷമായ ഇടങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു.