റാന്നി : തുലാപ്പള്ളി വട്ടപ്പാറ പിആര്‍സി മല പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളില്‍ വനവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അറിയിച്ചു. സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വട്ടപ്പാറ പേരകത്ത് ബേബി എന്നയാളുടെ വളര്‍ത്തുനായയെ കഴിഞ്ഞ രാത്രി പുലി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. പൂട്ടിയിട്ടിരുന്ന നായയെയാണ് പുലിപിടിച്ചത്. രാത്രിബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുലിയെ നേരിട്ടു കണ്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സമീപവാസികളുടെ വളര്‍ത്തു നായകള്‍ കൊല്ലപ്പെട്ടിരുന്നതായും പുലിയാണ് ആക്രമിച്ചതെന്നും നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ പുലിയെ നേരിട്ട് കാണുന്നത് ഇപ്പോഴാണ്. നായെ ആക്രമിച്ചത് പുലി ആണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നുമുതല്‍ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ആരംഭിക്കും.
ഗ്രാമപഞ്ചായത്ത് അംഗം വര്‍ഗീസ്, കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് രാജീവ് വര്‍ഗീസ്, കണമല ഡെപ്യൂട്ടി ആര്‍ എഫ് ഒ നെജി മോന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മനീഷ്, വാര്‍ഡന്‍ സി.ജെ.ഫ്രണ്ട് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.