പത്തനംതിട്ട : യുവാക്കളുടെ മാനസിക ആരോഗ്യം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാകാതെ യുവാക്കള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കുന്നു. കഴിഞ്ഞ ആറ് വര്‍ഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കേസുകള്‍ പഠിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
ഗിഗ് തൊഴിലാളികളുടെ തൊഴില്‍ മേഖല സംബന്ധിച്ചും പഠനം നടത്തും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രികരിച്ച് ലഹരി ഉള്‍പ്പെടെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരെ കാമ്പയിനുകള്‍ സംഘടിപ്പിക്കും. ജില്ലയിലെ വിദ്യാര്‍ഥി യുവജന സംഘടനാ പ്രതിനിധികള്‍, കോളജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ജാഗ്രതാസഭ രൂപീകരിക്കും. യുവ കര്‍ഷക സംഗമം, ഗ്രീന്‍ സോണ്‍ പദ്ധതി, ദേശീയ സെമിനാര്‍, ആരോഗ്യ ക്യാമ്പ്, തൊഴില്‍മേള തുടങ്ങിയവയും യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദാലത്തില്‍ ലഭിച്ച 17 പരാതികളില്‍ ഒന്‍പതെണ്ണം തീര്‍പ്പാക്കി. എട്ടെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഏഴ് പുതിയ പരാതികള്‍ സ്വീകരിച്ചു. തൊഴില്‍ മേഖലയിലെ പ്രശ്‌നം, പിഎസ്‌സി നിയമനം തുടങ്ങി വിവിധ മേഖലകളില്‍ യുവജനങ്ങള്‍ നേരിടുന്ന പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ പി.എ സമദ്, റെനിഷ് മാത്യു, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, ലീഗല്‍ അഡൈ്വസര്‍ അഡ്വ. വിനിത വിന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു.