പത്തനംതിട്ട :
ആറന്മുളയില് ബാംബു കര്‍ട്ടന്റെ മറവില്‍ തട്ടിപ്പ് നടത്തുന്ന മൂന്നംഗ സംഘം പോലീസ് പിടിയില്‍. പതിനായിരം രൂപയില്‍ താഴെ വിലയുള്ള കര്ട്ടൻ സ്ഥാപിച്ച ശേഷം തൊണ്ണൂറായിരം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് മൂന്നംഗ സംഘത്തെ പോലീസ് പിടികൂടിയത്.
പ്രായമായവര്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. കരുനാഗപ്പള്ളി തഴവ സ്വദേശി ഹാഷിം, ശൂരനാട് സ്വദേശികളായ അൻസില്‍, റിയാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ആറന്മുളയിലെ ഒരു വീട്ടിലെത്തിയ ഇവര്‍ സ്ക്വയര്‍ ഫീറ്റിന് 200 രൂപ നിരക്കില്‍ ബാംബു കര്ട്ടൻ ഇട്ടു നല്‍കാമെന്ന് പറഞ്ഞു.
കര്‍ട്ടനിട്ട ശേഷം 45,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
വീട്ടമ്മ അവരുടെ പക്കലുണ്ടായിരുന്ന 14,000 രൂപ പണമായി നല്‍കുകയും ബാക്കി തുകയ്ക്ക് ബ്ലാങ്ക് ചെക്കുകള്‍ നല്കാൻ പ്രതികള്‍ ആവശ്യപ്പെടുകയുമായിരുന്നു. അന്നുതന്നെ ചെക്കുകള്‍ ബാങ്കില്‍ ഹാജരാക്കിയ സംഘം 85,000 രൂപ പിൻവലിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് മനസിലാക്കുന്നത്. വെറും പതിനായിരം രൂപ പോലും വില ഇല്ലാത്ത കര്‍ട്ടനിട്ടാണ് വീട്ടുകാരെ ഇവര്‍ പറ്റിച്ചത്. ഇത്തരം തട്ടിപ്പുകൾ നേരത്തേയും നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണത്തിലാണ് പോലീസ് .