തിരുവല്ല : നാലു ദിവസം നീളുന്ന ആഗോള പ്രവാസി മലയാളി സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് – 2024ന് തുടക്കമായി. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ചെയർമാൻ എസ് രാമചന്ദ്രൻ പിള്ള അധ്യക്ഷനായി. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ് ഐസക് അമുഖ പ്രഭാഷണം നടത്തി.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ വീണാ ജോർജ്, പി പ്രസാദ്, സാഹിത്യകാരൻ ബെന്യാമിൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം, നോർക്കാ റൂട്സ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, എംഎൽഎമാരായ മാത്യു ടി തോമസ്, അഡ്വ. കെ യു ജെനീഷ്കുമാർ, ഗീവർഗീസ് മാർ കൂറിലോസ്, വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി പി ബി ഹർഷകുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എ പത്മകുമാർ സ്വാഗതവും സംഘാടക സമിതി ജോയിൻ്റ് കൺവീനർ റോഷൻ റോയി മാത്യു നന്ദിയും പറഞ്ഞു. കോൺക്ലേവിന് സഹായം നൽകിയവർക്ക് മന്ത്രി പി പ്രസാദ് ഉപഹാരം സമർപ്പിച്ചു. തുടർന്ന് സ്റ്റീഫൻ ദേവസ്സി – ശിവമണി ടീമിന്റെ മെഗാ മ്യൂസിക് ഈവന്റും അരങ്ങേറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
75 രാജ്യങ്ങളിൽ നിന്നും വിവിധ സംസ്ഥാനളിൽ നിന്നും മൂവായിരം പ്രതിനിധികളും ഓൺലൈനായി ഒരു ലക്ഷത്തി ഇരുപതിനായിരം പേരും സംഗമത്തിൽ പങ്കെടുക്കും. ഇതിനോടകം രജിസ്ട്രേഷൻ 1.6 ലക്ഷം കടന്നു. വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ പ്രവാസികളുടെ പങ്ക് എന്നതാണ് കോൺക്ലേവിന്റെ കേന്ദ്ര പ്രമേയം. പ്രവാസികളുടെ വീടുകളിലെ വയോജനങ്ങളുടെ സംരക്ഷണം, പഠിച്ച കോളേജ്, സർവ്വകലാശാല എന്നിവയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ പ്രവാസികളുടെ പങ്കാളിത്തം, പ്രവാസി സഹകരണത്തോടെ നൈപുണ്യ പരിശീലനത്തിനും തൊഴിൽ നൽകുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുക, സംരംഭകത്വ വികസനം എന്നീ നാല് വിഷയങ്ങൾ കോൺക്ലേവ് പ്രധാനമായും ചർച്ച ചെയ്യും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരുവല്ല സെന്റ് ജോൺസ് ചർച്ച് ഹാൾ, സെന്റ് ജോൺസ് കത്തീഡ്രൽ ഓഡിറ്റോറിയം, ശാന്തി നിലയം, തിരുവല്ല ഗവൺമെന്റ് എംപ്ലോയിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, മാർത്തോമാ കോളേജ് എന്നിങ്ങനെ അഞ്ച് വേദികളിലായി മൈഗ്രേഷൻ കോൺക്ലേവ് നടക്കും.