വീട്ടിൽ നിന്നും ഏഴ് ലക്ഷത്തിന്റെ സ്വർണം മോഷ്ടിച്ചു : രണ്ടു പേർ പിടിയിൽ

പത്തനംതിട്ട : വീട്ടിൽ നിന്നും 7 ലക്ഷത്തിന്റെ സ്വർണം മോഷ്ടിച്ച കേസിൽ രണ്ടുപേരെ തണ്ണിത്തോട് പോലീസ് പിടികൂടി. ചെന്നീർക്കര അമ്പലക്കടവ് കൂട്ടുമുറിയിൽ അനീഷ് പി (42), തണ്ണിത്തോട് തേക്കുതോട് വെട്ടുവേലിപ്പറമ്പിൽ വീട്ടിൽ നിന്നും കാരിമാൻതോട് സ്കൂളിന് സമീപം ചിറ്റാരിക്കൽ ഷിബുവിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അമ്മായി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് കുമാർ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തേക്കുതോട് കവുങ്ങിനാംകുഴിയിൽ രവീന്ദ്രന്റെ ഭാര്യ വത്സല (57)യുടെ പരാതിപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് തണ്ണിത്തോട് പോലീസ് ഇവരെ പിടികൂടിയത്.

Advertisements

വത്സല തേക്കുതോട് ജംഗ്ഷനിലെ എ ടി എമ്മിൽ പോയതക്കത്തിനാണ് പട്ടാപ്പകൽ മോഷണം നടന്നത്. വീട്ടിൽ വേറെയാരുമില്ലായിരുന്നു. അടുക്കളയുടെ രണ്ടുപാളി കതകിന്റെ അടിയിലെ പാളി കമ്പികൊണ്ട് തിക്കിയിളക്കി അകത്തുകയറിയ ഒന്നാം പ്രതി അനീഷ് കിടക്കമുറികളിലെ അലമാരകളിൽ നിന്നാണ് സ്വർണാഭരണങ്ങൾ കവർന്നത്. അലമാരയിലെ ബാഗിൽ സൂക്ഷിച്ച 6500 രൂപയും മോഷ്ടിച്ചു. അഞ്ചര പവൻ വരുന്ന സ്വർണവും ഡയമണ്ടും ചേർന്ന മാല, മൂന്ന് പവന്റെ പാലയ്ക്കാമാല, 6 ജോഡി കമ്മൽ, ഒരു ചെയിൻ, ഒരു വള എന്നിവ ഉൾപ്പെടെ ആകെ 13 പവന്റെ സ്വർണഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. അലമാരയിൽ തന്നെ ഇട്ടിരുന്ന താക്കോൽ കൊണ്ട് തുറന്നാണ് ഇവ കവർന്നെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആകെ 7 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പിറ്റേന്ന് തണ്ണിത്തോട് പോലീസിന് വത്സല നൽകിയ മൊഴിയിൽ പറയുന്നു. ഉടനടി പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് സ്ഥലത്ത് പോലീസിനെ നിയോഗിക്കുകയും,പിറ്റേന്ന് വിരലടയാള വിദഗ്‌ദ്ധർ, ഡിപ്പാർട്മെന്റ് ഫോട്ടോഗ്രാഫർ എന്നിവരെക്കൊണ്ട് പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുകയും ചെയ്തു. സംശയിക്കുന്ന ആളുകളുടെ മൊബൈൽ നമ്പരുകളുടെ വിളിസംബന്ധിച്ച വിശദാoശങ്ങൾ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചും മറ്റും ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കി.

തുടർന്ന് അനീഷിന്റെ ഫോൺ ലൊക്കേഷൻ കന്യാകുമാരിയിലാണ് എന്ന് മനസ്സിലാക്കിയ പോലീസ്അഞ്ചാം തിയതി അവിടെയെത്തി ഇയാളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും രണ്ടാം പ്രതി രാജേഷിന്റെ കേസിലെ പങ്കാളിത്തം സംബന്ധിച്ച് വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് രാത്രി 9 ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് രാജേഷിനെ തേക്കുതോട് നിന്നും കസ്റ്റഡിയിലെടുത്തു, ഇരുവരുടെയും വിരലടയാളങ്ങൾ ശേഖരിച്ചു.

പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ ചെന്നീർക്കര താമരശ്ശേരി അമ്പലക്കടവിൽ നിന്നും, സ്വർണം വില്പന നടത്തിയ കോന്നിയിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്നും, പ്രതികളുടെ കൈവശത്തുനിന്നും സ്വർണാഭരണങ്ങൾ അന്വേഷണസംഘം കണ്ടെടുത്തു.അനീഷിനെ മോഷണം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തണ്ണിത്തോട് എസ് ഐ രാകേഷിന്റെ നേതൃത്വത്തിൽ എ എസ് ഐ അഭിലാഷ്, പോലീസ് ഉദ്യോഗസ്ഥരായ റാഫി, നജീബ്, അരുൺ, ഷീജ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടി നടപടികൾ സ്വീകരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles