കോന്നി : നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കി വരുന്ന സുരക്ഷിതമാക്കാം പശ്ചിമഘട്ടം നീര്ച്ചാല് മാപ്പിംഗ് കോന്നി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലൂടെ ഒഴുകുന്ന തോടുകള്‍ ഫീല്‍ഡ് തല സര്‍വെയിലൂടെ കണ്ടെത്തി മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ ഡിജിറ്റല്‍ മാപ്പിംഗ് നടത്തുന്ന പ്രവര്‍ത്തനമാണ് മാപ്പത്തോണിലൂടെ നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തുകളും വിവിധ വകുപ്പുകളും ചേര്‍ന്ന് നടപ്പാക്കുന്ന ജലസംരക്ഷണ ജലസേചന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന രീതിയിലാണ് മാപ്പത്തോണ്‍ വിഭാവന ചെയ്തിട്ടുളളത്.
കോന്നി ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ ചിറ്റൂര്‍മുക്ക് ആറ്റുകടവ് തോട് ഡിജിറ്റല്‍ മാപ്പ് ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നവകേരളം കര്‍മ പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ ജി.അനില്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭ മുരളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുമാരി അര്‍ച്ചന ബാലന്, തോമസ് കാലായില്‍, ആര്.രഞ്ജു, പി.വി ജോസഫ്, തൊഴിലുറപ്പ് പദ്ധതി ഓവര്‍സീയര്‍ അജിത ജി നായര്‍, ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍മാര്‍, ഇന്റേണ്‍സ്, തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.