പത്തനംതിട്ട : പോസ്റ്റ് ഓഫീസിൽ പാർസലായി വന്ന 965 ഗ്രാം ഹാഷിഷ് പോലീസ് പിടികൂടി, ഒരാൾ അറസ്റ്റിൽ. അടൂർ ചൂരക്കോട് അറവിളയിൽ വീട്ടിൽ അരുൺ (27) ആണ് ഡാൻസാഫ് സംഘത്തിന്റെയും, ഏനാത്ത് പോലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്. യുവാവ് പോസ്റ്റ് ഓഫീസിൽ പാർസൽ ഏറ്റുവാങ്ങാനെത്തിയപ്പോൾ, പോലീസിന്റെ തന്ത്രപരമായ നീക്കത്തിൽ കുടുങ്ങുകയായിരുന്നു. ഇയാൾ ഓടിച്ചുവന്ന കാറും പോലീസ് പിടിച്ചെടുത്തു. ഹിമാചൽ പ്രദേശിൽ നിന്നാണ് ഇയാളുടെ വിലാസത്തിൽ പാർസൽ എത്തിയത്. അന്താരാഷ്ട്ര വിപണിയിൽ മൂന്ന് ലക്ഷത്തോളം വിലവരും.
ജാക്കറ്റിനുള്ളിൽ പൊതിഞ്ഞ സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചനിലയിലായിരുന്നു പാർസൽ. നാല് പ്ലാസ്റ്റിക് പൊതിക്കുള്ളിലായി മെഴുക് രൂപത്തിൽ ബാളുകളാക്കിയ നിലയിലായിരുന്നു ലഹരിവസ്തു കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന് ലഭിച്ച രഹസ്യവിവരം ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി യും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ എ വിദ്യാധരന് കൈമാറിയതിനെതുടർന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. ഇയാൾ നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചെറുകിട കച്ചവടക്കാർക്ക് ലഹരിവസ്തു എത്തിച്ചു കൊടുക്കാറുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ഹാഷിഷിന്റെ ഉറവിടത്തെപ്പറ്റിയും, ഇയാൾക്കൊപ്പം കൂട്ടാളികൾ ഉണ്ടോ എന്നതിനെക്കുറിച്ചും മറ്റും വിശദമായ അന്വേഷണം നടക്കുകയാണ്. അടൂർ ഡി വൈ എസ് പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ ഏനാത്ത് പോലീസ് ഇൻസ്‌പെക്ടർ ആർ മനോജ് കുമാർ, എസ് ഐ ശ്യാമകുമാരി, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ അനൂപ്, ഏനാത്ത് പോലീസ് സ്റ്റേഷനിലെ എ എസ് ഐമാരായ രാധാകൃഷ്ണൻ, രമേശൻ, എസ് സി പി ഓ മുജീബ്, സി പി ഓ യുനിസ്, ഡാൻസാഫ് എ എസ് ഐ അജികുമാർ, സി പി ഓ മാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, സുജിത്, നാർക്കോട്ടിക് സെൽ യൂണിറ്റിലെ എസ്. ഐ അനിൽ, എ എസ് ഐ മാരായ മുജീബ് റഹ്മാൻ, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.