പത്തനംതിട്ട : മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. മഴക്കെടുതികള്‍ അവലോകനം ചെയ്യുന്നതിന് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മഴ ശമിക്കുമ്പോള്‍ വെള്ളക്കെട്ട് കാണാന്‍ പോകുന്നതും, മീന്‍ പിടിക്കാന്‍ പോകുന്നതും മറ്റും ഒഴിവാക്കണം. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓഫീസര്‍മാരെ ചുമതലപ്പെടുത്തണം. പഞ്ചായത്ത് തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ആവണിപ്പാറയില്‍ താത്കാലികമായി ആലപ്പുഴയില്‍ നിന്ന് ബോട്ട് എത്തിക്കുമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു.
അരയാഞ്ഞിലിമണ്‍, കുരുമ്പന്‍മൂഴി എന്നീ പ്രദേശങ്ങളില്‍ ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. എല്ലാ ദുരിതാശ്വാസക്യാമ്പുകള്‍ കേന്ദ്രീകരിച്ചും കൃത്യമായ ഇടവേളകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തും. പനി, ഡെങ്കി എന്നിവ കണ്ടെത്തുന്നവരെ ക്യാമ്പുകളില്‍ പ്രത്യേകം പാര്‍പ്പിക്കണം. ഉദ്യോഗസ്ഥരും ക്യാമ്പില്‍ കഴിയുന്നവരും അടക്കം എല്ലാവരും എലിപ്പനിക്കെതിരായ ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ശുചിത്വം ഉറപ്പുവരുത്തണം. ക്യാമ്പുകളില്‍ വൈദ്യുതി കെഎസ്ഇബി ഉറപ്പാക്കണം. സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും പാചകവാതകവും വില്ലേജ് ഓഫീസര്‍മാര്‍ക്ക് ലഭ്യമാക്കും.
ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലീസ് സന്ദര്‍ശനം കൃത്യമായ ഇടവേളകളിലുണ്ടാകണം. വകുപ്പുകള്‍ സംബന്ധിച്ചുള്ള ആശയവിനിമയം കൃത്യമായിരിക്കണമെന്നും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ അത് ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കൃത്യമായ വിവരങ്ങള്‍ ജില്ലാഭരണകൂടത്തിന് നല്‍കണമെന്നും മന്ത്രി നിര്‍ദേശം നല്കി.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഉണ്ടാകണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. കീഴ്വായ്പൂരിലും വെണ്ണിക്കുളത്തും വെള്ളം കയറിയിട്ടുണ്ട്. ആനിക്കാട് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. അവിടേക്ക് പോകാന്‍ കഴിയുന്നില്ല. നിരണം പഞ്ചായത്തിലെ സിഎസ്ഐ പള്ളിക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കീഴ്വായ്പൂര്
സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ ഒരാള്‍ക്ക് പനി കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. ഫയര്‍ഫോഴ്സിന്റെ കൈവശമുള്ള അക്സലൈറ്റ് ക്യാമ്പുകളില്‍ എത്തിക്കണം. റോഡില്‍ വെള്ളം കെട്ടികിടക്കുന്ന ഇടങ്ങളില്‍ നിന്ന് അത് ഒഴുക്കി വിടാനുള്ള നടപടി പൊതുമരാമത്ത് നിരത്തുവിഭാഗം സ്വീകരിക്കണം. വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിന് താമസം നേരിടുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അത് സംബന്ധിച്ച സന്ദേശങ്ങള്‍ കെഎസ്ഇബി നല്‍കണമെന്നും എംഎല്‍എ പറഞ്ഞു.