തിരുവല്ല: കഴിഞ്ഞ ദിവസങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ പെരിങ്ങര പഞ്ചായത്തിലെ വിവിധ റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറി. റോഡിൽ വെള്ളം കയറിയതോടെ പ്രദേശവാസികൾ യാത്രദുരിതത്തിലായി. കാവുംഭാഗം – ചാത്തങ്കേരി റോഡിൽ മൂവടത്ത് പടി, പെരിങ്ങര പഞ്ചായത്ത് ഓഫീസ്, കോസ് മോസ്, പൂത്ര ഓട്ടത്തിൽ പടി എന്നിവയും മാതകത്തിൽ പടി, സ്വാമി പാലം – കുഴുവേലിപ്പുറം എന്നി റോഡുകളിലും വെള്ളം കയറി.
പെരിങ്ങര പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലെ മേപ്രാൽ, ചാത്തങ്കേരി എന്നി പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി, ആറ്റുവാലി, അടുമ്പടം , മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകൾക്കുള്ളിൽ വെള്ളം കയറി. വെള്ളപ്പൊക്കം മൂലം തിരുവല്ലാ താലൂക്കിലെ മൂന്നു വില്ലേജുകളിൽ ക്യാമ്പുകൾ തുടങ്ങി. കുറ്റപ്പുഴ – 18, ഇരവിപേരൂർ -7, കുറ്റൂർ – 3 കുടുംബങ്ങളാണ് ക്യാമ്പിൽ താമസിക്കുന്നത്.