പത്തനംതിട്ട : അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് കളക്ട്രേറ്റില്‍ വനിതാ ജീവനക്കാര്‍ക്കായി ഹീമോഗ്ലോബിന്‍ പരിശോധന സംഘടിപ്പിച്ചു. വിവകേരളം കാമ്പയിന്റെ പ്രചരണാര്‍ത്ഥം ജില്ലാമെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിശോധനയും, സിഗ്നേച്ചര്‍ കാമ്പയിനും ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയില്‍ നിര്‍ണായകമാണെന്നും എല്ലാവരും വിവകേരളം ക്യാമ്പയിനില്‍ പങ്കാളികളാകണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍, ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാര്‍,നഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ 170 പേരുടെ ഹീമോഗ്ലോബിന്‍ നില പരിശോധിക്കുകയും വിളര്‍ച്ച കണ്ടെത്തിയവര്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.