കോന്നി നിയോജക മണ്ഡലത്തിലെ കൈവശകര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് അടുത്ത വനം അഡൈ്വസറി കമ്മറ്റിയില്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് ഉറപ്പു നല്‍കിയതായി അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയെത്തിയതെന്നും എംഎല്‍എ പറഞ്ഞു. ആറായിരത്തോളം കുടുംബങ്ങളുടെ കൈവശമുള്ള 1970.041 ഹെക്ടര്‍ ഭൂമിയുടെ പട്ടയപ്രശ്നത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്. എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ.എ. റഹീം, ഡോ. വി. ശിവദാസന്‍ എന്നിവരോടൊപ്പമാണ് എംഎല്‍എ കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.
1920 നും 1945 നും ഇടയിലുള്ള കാലഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കലഞ്ഞൂര്‍ തുടങ്ങിയ കോന്നി താലൂക്കിലെ മലയോര മേഖലകളില്‍ ധാരാളം കര്‍ഷകര്‍ വനഭൂമി കൈവശപ്പെടുത്തി കൃഷി ചെയ്തു വരികയാണ്. മൂന്ന് തലമുറകളായി ഈ ഭൂമിയില്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഏകദേശം ഒമ്പത് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭൂമിയുടെ കൈവശാവകാശവും, പട്ടയവും ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതി ലഭിക്കാത്തതാണ് പട്ടയം നല്കാന് കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോന്നി ഉപതെരഞ്ഞെടുപ്പിനു ശേഷം വിഷയം പരിഹരിക്കുന്നതിന് നിരന്തര ഇടപെടലാണ് നടത്തിയത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് ജില്ലാ കളക്ടര്‍ മുഖേന കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ പരിവേഷിലൂടെ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെ 2020 ഏപ്രില്‍ രണ്ടിന് കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ബംഗളുരു റീജിയണല്‍ ഓഫീസ് അപേക്ഷ പരിശോധിക്കുകയും തുടര്‍ നടപടികള്‍ക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയിലുള്ള ഫോറസ്റ്റ് അഡൈ്വസറി കമ്മറ്റിക്ക് കൈമാറുകയും ചെയ്തു.
ഫോറസ്റ്റ് അഡൈ്വസറി കമ്മറ്റി അപേക്ഷ പരിശോധിച്ച് പരിഹാര വനവല്‍ക്കരണത്തിനുള്ള കെ.എം.എല്‍ ഫയലുകളുടെ വിശദാംശങ്ങളും, കൈവശ വനഭൂമി സംബന്ധിച്ച അധികവിവരങ്ങളും സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. ഈ വിവരങ്ങള്‍ ഫീല്‍ഡ് ഡിവിഷനുകളില്‍ നിന്നും ശേഖരിച്ച് 2020 ഡിസംബര്‍ 17ന് കേന്ദ്രത്തിന് മറുപടി നല്കി. തുടര്‍ന്ന് ഇതു സംബന്ധിച്ച് അഡൈ്വസറി കമ്മറ്റി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. 2021 സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ ബംഗളുരു റീജിയണല്‍ ഓഫീസിലെ അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ( സെന്‍ട്രല്‍ ) കോന്നി മണ്ഡലത്തിലെത്തി സ്ഥലപരിശോധന നടത്തി.
ഇതു സംബന്ധിച്ച റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
എല്ലാ നടപടിക്രമങ്ങളും കഴിഞ്ഞ മൂന്നു വര്‍ഷത്തെ നിരന്തര ഇടപെടലിനെ തുടര്‍ന്ന് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായും എംഎല്‍എ പറഞ്ഞു. ഫോറസ്റ്റ് അഡൈ്വസറി കമ്മറ്റിയുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി തീരുമാനമെടുത്താല്‍ കോന്നി നിയോജക മണ്ഡലത്തിലെ ആറായിരത്തോളം മലയോര കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ കഴിയും.
ഈ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചത്. കേന്ദ്ര മന്ത്രി വളരെ അനുകൂല നിലപാടാണ് സ്വീകരിച്ചത്.
പട്ടയം ലഭ്യമാകുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ വിവരം മന്ത്രിയെ ബോധ്യപ്പെടുത്തുകയും, രേഖാമൂലം നിവേദനമാക്കി നല്‍കുകയും ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഫോറസ്റ്റ് അഡൈ്വസറി കമ്മറ്റിയുടെ അടുത്ത യോഗത്തില്‍ വിഷയം അജണ്ടയായി ഉള്‍പ്പെടുത്തുമെന്നും, അനുകൂല തീരുമാനമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്കി. കോന്നി മണ്ഡലത്തിലെ മലയോര പട്ടയം പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണെന്ന് എംഎല്‍എ പറഞ്ഞു. എന്നാല്‍, കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള നിയമപരമായ ശ്രമങ്ങളാണ് നടത്തിയത്. അത് വിജയത്തിലേക്ക് എത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും എംഎല്‍എ പറഞ്ഞു.