തിരുവല്ല : വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ അടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ച സംഭവത്തിൽ രണ്ട് പേരെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നിരണം നാലാം വാർഡിൽ പനച്ചമൂട്ടിൽ ആറ്റുപറമ്പിൽ വീട്ടിൽ വിജയന്റെ ഭാര്യ രാധ (64) കൊല്ലപ്പെട്ട സംഭവത്തിലാണ് ആറ്റുപറമ്പിൽ വീട്ടിൽ ചന്ദ്രൻ , രാജൻ എന്നിവർ പിടിയിലായത് . ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വഴിക്കത്തെ തുടർന്ന് ബന്ധുക്കളായ ഇരുകൂട്ടരും തമ്മിൽ ഏക്കൊലമായി തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. വിജയനും വിജയന്റെ ബന്ധുക്കളും തമ്മിൽ ഉണ്ടായ സംഘർഷത്തിന് തടസം പിടിക്കാൻ എത്തിയ രാധയ്ക്ക് മർദ്ദനം ഏൽക്കുകയായിരുന്നു. മൂക്കിന് ഇടിയേറ്റ് വീണ രാധ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ മരണപ്പെടുകയായിരുന്നു. മൂക്കിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.