പത്തനംതിട്ട : കഴിഞ്ഞ ദിവസം അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ഔദ്യോഗികബഹുമതികളോടെ ജന്മനാട് വിടനല്‍കി. പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ നടന്ന പൊതുദര്‍ശനത്തിന് ശേഷം പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. സംസ്ഥാനസര്‍ക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടര്‍ എ. ഷിബു ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യമന്ത്രി വീണാജോര്‍ജിനു വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതാകുമാരി അന്തിമോപചാരം അര്‍പ്പിച്ചു.
വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഫാത്തിമ ബീവി അന്തരിച്ചത്. കൊല്ലത്ത് സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.
സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായ ഫാത്തിമ ബീവി തമിഴ്നാട് ഗവര്‍ണര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം തുടങ്ങി രാജ്യത്തിന്റെ ഔദ്യോഗിക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1950 നവംബര്‍ 14-നാണ് ഫാത്തിമ ബീവി അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1958 മെയ് മാസം സബോഡിനേറ്റ് മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ് ഓര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് 1972-ല്‍ ചീഫ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് ആയും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായും നിയമിതയായി. 1980 ജനുവരിയില്‍ ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണലില്‍ ജുഡീഷ്യല്‍ അംഗമായി.
1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1984-ല്‍ തന്നെ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍ നിന്നും വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിമനം ലഭിച്ചു. 1992 ഏപ്രില്‍ 29-നാണ് വിരമിച്ചത്. പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക ബഹുമതി നല്‍കിയത്.
ആന്റോ ആന്റണി എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. കെ.യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, നഗരസഭാ ചെയര്‍മാന്‍ ടി. സക്കീര്‍ ഹുസൈന്‍, എഡിഎം ബി രാധാകൃഷ്ണന്‍, മുന്‍ എംഎല്‍എമാരായ രാജു ഏബ്രഹാം, ആര്‍ ഉണ്ണികൃഷ്ണന്‍, ജോസഫ് എം പുതുശേരി, മാലേത്ത് സരളാദേവി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപന്‍, കുടുംബശ്രീ അംഗങ്ങള്‍, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയപ്രമുഖര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.