തിരുവല്ല: കടപ്രയിലെ ബാറിൽ മദ്യപിച്ചതിന് ശേഷം പണം നൽകാത്തതിനെ തുടർന്ന് ഉണ്ടായ തർക്കത്തിൽ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ ആറ് പേരെ പുളിക്കീഴ് പോലീസ് പിടികൂടി. തലവടി രാമഞ്ചേരി വീട്ടിൽ ഷൈൻ (36), മകരച്ചാലിൽ വീട്ടിൽ സന്തോഷ് (42), ചിറപ്പറമ്പിൽ വീട്ടിൽ സനൽകുമാർ (26), വെളിയൂർ വീട്ടിൽ മഞ്ചേഷ് കുമാർ (40), ദീപു (30), എൺപത്തിയഞ്ചിൽ ചിറയിൽ ഷൈജു (42) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 10.30 യോടെ ആയിരുന്നു സംഭവം.
മദ്യപിച്ചതിന് ശേഷം പണം നൽകാതെ പോകാൻ തുടങ്ങിയ പ്രതികളെ ചോദ്യം ചെയ്തതോടെ സംഘം ചേർന്ന് ബാറിലെ ജീവനക്കാരൻ ജോണിനെ മർദ്ദിക്കുക ആയിരുന്നു.
ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു. ബാറിലെ മറ്റു ജീവനക്കാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പ്രതികളെ ഓടിച്ചിട്ട് പിടിക്കുക ആയിരുന്നു. ജോൺ ഇപ്പോൾ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.