കാപ്പ നിയമവ്യവസ്ഥ ലംഘിച്ചെത്തി സഹോദരനെ മർദ്ദിച്ചു : പ്രതി അറസ്റ്റിൽ

പത്തനംതിട്ട : കാപ്പ പ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട നിരവധി ക്രിമിനൽ കേസുകളിലെ പ്രതി, വ്യവസ്ഥ ലംഘിച്ച് ജില്ലയിൽ അതിക്രമിച്ചുകടന്ന് സഹോദരന് ദേഹോപദ്രവം ഏൽപ്പിച്ചു. സഹോദരന്റെ മൊഴിപ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടി. പെരുനാട് മാടമൺ കൊട്ടൂപ്പാറ പടിഞ്ഞാറേ ചരുവിൽ അരുൺ സത്യൻ (32) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. കാപ്പ നിയമവ്യവസ്ഥകൾ ലംഘിച്ചതിന് ഇയാൾക്കെതിരെ 15(4), 19 വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു.

Advertisements

നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടും, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുവന്ന ഇയാളെ ഏപ്രിൽ 11 ലെ ഡി ഐ ജിയുടെ ഉത്തരവ് പ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്നു. ഈ ഉത്തരവ് നിലനിൽക്കെയാണ് ഇയാൾ പെരുനാട് പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ കടന്ന് കോട്ടൂപ്പാറയിലെ കുടുംബവീട്ടിലെത്തി സഹോദരൻ അഖിൽ സത്യനെ ഇന്ന് അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത്. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അഖിൽ സത്യന്റെ മൊഴിയനുസരിച്ച് എസ് ഐ വി.കെ.രവീന്ദ്രൻ നായർ കേസെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ നിന്നും പുറത്താക്കി ഡി ഐ ജി ഉത്തരവായിരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 5 ക്രിമിനൽ കേസുകളിൽ പ്രതിയായ അരുൺ ‘അറിയപ്പെടുന്ന റൗഡി’ ലിസ്റ്റിൽ പെട്ടയാളാണ്. പിതാവിന്റെ തല അടിച്ചുപൊട്ടിച്ചതും, ഭാര്യയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും ഉപദ്രവിച്ചതും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. ഈ കേസുകളിലെല്ലാം അന്വേഷണം പൂർത്തിയാക്കി പെരുനാട് പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട് .

പോലീസ് ഇൻസ്‌പെക്ടർ രാജിവ് കുമാറിന്റെ നേതൃത്വത്തിൽ എസ് ഐമാരായ രവീന്ദ്രൻ നായർ, റെജി തോമസ്, എസ് സി പി ഓ ജിജു, സി പി ഓമാരായ നെൽസൻ, വിനീഷ് എന്നിവരാണ് പ്രതിയെ പിടികൂടി തുടർ നടപടി സ്വീകരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles