അടൂർ : കൊടുമൺ കുളത്തിനാൽ മഹാത്മ ജീവകാരുണ്യ ഗ്രാമം ഒരു വ്യത്യസ്ഥമായ ചടങ്ങിന് വേദിയായി. മഹാത്മജനസേവന കേന്ദ്രത്തിൽ സംഗീത അധ്യാപികയായി പ്രവർത്തിക്കുന്ന അടൂർ പന്നിവിഴ വിളയിൽ തെക്കേപ്പുര സോമൻ – സുനിത ദമ്പതികളുടെ മകൾ സുരഭിയും ആലപ്പുഴ താമരക്കുളം പുളിവിളയിൽ കിഴക്കേമുറി വീട്ടിൽ രവി – സുശീല ദമ്പതികളുടെ മകൻ രതീഷിന്റെയും വിവാഹ ചടങ്ങാണ് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിൻ്റെ അഭയകേന്ദ്രമായ കുളത്തിനാൽ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ വച്ച് നൂറ് കണക്കിന് അഗതികളേയും ബന്ധുമിത്രാദികളേയും സാക്ഷിയാക്കി നടന്നത്.
കലാമണ്ഡലത്തിൽ നിന്നും സംഗീത ബിരുദം നേടിയ സുരഭി കഴിഞ്ഞ മൂന്ന് വർഷമായി മഹാത്മയിലെ കുടുംബാംഗങ്ങൾക്കും, പ്രവർത്തകർക്കും , കുട്ടികൾക്കും സംഗീതം പഠിപ്പിച്ചു വരുകയാണ്.
തൻ്റെ ജീവിതത്തിൻ്റെ തന്നെ ഭാഗമായ മഹാത്മയിലെ അംഗങ്ങൾക്കൊപ്പമാവണം തൻ്റെ വിവാഹമെന്നും അല്ലാതൊരു സ്ഥലത്തു നടത്തിയാൽ ഇവർക്ക് ആർക്കും പങ്കെടുക്കാൻ കഴിയില്ലായെന്നതുകൊണ്ടുമാണ് മഹാത്മയിൽ വച്ച് വിവാഹം നടത്താൻ തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൻ്റെ ആഗ്രഹം വരനും വീട്ടുകാരുമായി ചർച്ച ചെയ്തപ്പോൾ അവർക്ക് ഏറെ സന്തോഷകരവും അഭിമാനവുമാണെന്ന് അറിഞ്ഞതോടെ ആഗ്രഹം മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയെ അറിയിക്കുകയും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
സുരഭിയുടെ തീരുമാനം അറിഞ്ഞ സഹപ്രവർത്തകർ കല്യാണ സദ്യയുടെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെ വിവാഹ ചടങ്ങ് സ്നേഹത്തിൻ്റെയും ഒരുമയുടേയും ഒരു ആഘോഷമായി മാറി.