തിരുവല്ല :
ജനങ്ങളുടെ ജീവിതനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോയിപ്രം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് ശില ഇടുകയായിരുന്നു മന്ത്രി.
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുകയാണ്. വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രഥമപരിഗണനയാണ് നല്‍കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്ന് 1.38 കോടി രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടനിര്‍മാണം.
മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ മൂന്ന് ക്ലാസ് മുറികള്‍, ശുചിമുറികള്‍ എന്നിവയും ആദ്യനിലയില്‍ ഓഫീസ് റൂം, മൂന്ന് ക്ലാസ് മുറികള്‍, ശുചിമുറികള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ രണ്ട് ഹൈസ്‌കൂള്‍ ലാബുകള്‍, ഒരു ഹയര്‍സെക്കന്‍ഡറി ലാബ്, സ്റ്റോര്‍ എന്നിവയും ഉണ്ടാകും. ലിഫ്റ്റ് സ്ഥാപിക്കുന്നതിനുളള സൗകര്യവുമുണ്ട്. അടുത്ത അധ്യയനവര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്‌കൂളിലേക്കുള്ള ഗതാഗതസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും. സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി ജില്ലയില്‍ വിവിധ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിടിഎ വൈസ് പ്രസിഡന്റ് എം. ആര്‍. ബിജു, ഭാര്യ ശ്രീദേവി എന്നിവര്‍ മരണാന്തരം ഭൗതികശരീരം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കികൊണ്ടുള്ള സമ്മതപത്രവും മന്ത്രിയ്ക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുജാത, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. കെ. ഓമനക്കുട്ടന്‍ നായര്‍, അനില കുമാരി, ബിജു വര്‍ക്കി, കെ.എസ്.ഐ.ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വി. കെ. ജാസ്മിന്‍, പിറ്റിഎ പ്രസിഡന്റ് എം.ജി. സുനില്‍ കുമാര്‍, എഇഒ സി.വി. സജീവ്, പ്രിന്‍സിപ്പല്‍ ഒ. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.