തിരുവല്ല : പതിറ്റാണ്ടായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പട്ടയം ലഭ്യമായതിന്റെ സന്തോഷത്തിലാണ് പുല്ലാട് കോയിപ്രം പഞ്ചായത്തിലെ തെറ്റുപാറ നിവാസികൾ.
പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേളയിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തെറ്റുപാറയിലെ 10 കുടുംബങ്ങൾക്ക് പട്ടയം കൈമാറി. റ്റി എൻ മിനി, റ്റി ആർ രഘു, കറുമ്പൻ നാണു, കെ ബി പുരുഷോത്തമൻ, റ്റി കെ സുരേന്ദ്രൻ, കുഞ്ഞമ്മ കുഞ്ഞൂഞ്ഞ്, തങ്കമ്മ ജോയ്, റ്റി ആർ ഗോപി, ശാന്തമ്മ, തങ്ക കേശവൻ എന്നിവർക്കാണ് പട്ടയം ലഭിച്ചത്.
ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖ കൈവശമില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും വായ്‌പയും ഇവർക്ക് ലഭിച്ചിരുന്നില്ല. 1997 ൽ കോയിപ്രം പഞ്ചായത്ത് കൈവശ രേഖ നൽകിയിരുന്നുവെങ്കിലും തെറ്റുപാറ – മണ്ണിൽപ്പടി റോഡ് പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിൽ ആണെന്ന കാരണത്താൽ പട്ടയം നിഷേധിച്ചിരുന്നു. തുടർന്ന് പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി മന്ത്രി വീണാ ജോർജിന്റെയും മറ്റു ജനപ്രതിനിധികളുടെയും ശ്രമഫലമായാണ് പട്ടയം ലഭ്യമാക്കിയത്. ജനിച്ചു വളർന്ന ഭൂമി സ്വന്തമാക്കിയ സന്തോഷത്തിലാണ് നിവാസികൾ.