പത്തനംതിട്ട :
കൊറ്റനാട് പ്രാഥമികാരോഗ്യ കേന്ദ്രം പുത്തൻ കെട്ടിടം പൂർത്തിയാകുന്നതോടെ കുടംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് . റാന്നി എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 90 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയിൽ റാന്നിയിൽ വിസ്മയകരമായ വികസനം സാധ്യമായി. നിലയ്ക്കലിൽ എട്ടു കോടി രൂപ ചെലവിൽ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. റാന്നി താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
മഴക്കാല രോഗ പ്രതിരോധത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്നും കൂട്ടിച്ചേർത്തു.
പെരുമ്പട്ടി പട്ടയം തടസങ്ങൾ നീക്കി അർഹതപ്പെട്ട 518 കുടുംബങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. കൊറ്റനാട് – അങ്ങാടി കുടിവെള്ള പദ്ധതി പുരോഗതിയിൽ ആണെന്നും അദ്ദേഹം കൂടി ചേർത്തു
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു, ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപി തുടങ്ങിയവർ പങ്കെടുത്തു.