കോഴഞ്ചേരി : പുതിയ പാലത്തിന്റെ തുടർ പ്രവൃത്തിയുടെ ടെൻഡറിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അനുമതി ലഭിച്ചു. ആരോഗ്യ മന്ത്രിയും ആറന്മുള എംഎൽഎയുമായ വീണാ ജോർജിന്റെ ഓരോ ഘട്ടത്തിലുമുള്ള നിരന്തര ഇടപെടലുകളെ തുടർന്നാണ് പാലത്തിന്റെ നിർമ്മാണത്തിന്റെ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് ക്യാബിനറ്റ് അനുമതി ലഭിച്ചത്. പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലെറ്റെടുപ്പ് ഉൾപ്പടെ പൂർത്തീകരിച്ചു, ബാക്കിയുള്ള പ്രവൃത്തി 13.94 കോടി രൂപയ്ക്കാണ് ടെൻഡർ ചെയ്തിരിക്കുന്നത്.
19/12/2018 ൽ പാലത്തിന്റെ പ്രവൃത്തി പി ജി കൺസ്ട്രഷൻ എന്ന കമ്പനി കരാർ ഏറ്റെടുക്കുകയും എഗ്രിമെൻറ് വയ്ക്കുകയും ചെയ്തിരുന്നു. കരാർ തുക വർദ്ധനവും ജി എസ് റ്റി തുകയും കരാറുകാരൻ ആവശ്യപ്പെട്ടു. മുൻകൂറായി ഭൂമി ലഭ്യമാക്കാത്തതും, എൽ എ നടപടികളുടെ കാലത്താമസവും പദ്ധതിയെ ബാധിച്ചു. നിർമാണത്തിനായി പോസ്റ്റ് ഓഫീസ് അധീനതയിലുള്ള സ്ഥലവും ആവശ്യമായി വന്നു. കെ എസ് ഇ ബി പോസ്റ്റുകളും മറ്റും മാറ്റുവാനുള്ള പണം ലഭിക്കാനും കാലതാമസം നേരിട്ടു. ഹൈക്കോടതിയിൽ ഉൾപ്പെടെ ഉണ്ടായിരുന്ന കേസുകൾ മൂലം രണ്ടര വർഷം പ്രവൃത്തി തടസ്സപ്പെട്ടു. പ്രസ്തുത കമ്പനി പ്രവൃത്തി പൂർത്തീകരിക്കാത്തതിനെ തുടർന്ന് ഫോഴ്സ് ക്ലോസ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് അഞ്ചു തവണ പാലത്തിന്റെ തുടർ പ്രവൃത്തി ടെൻഡർ ചെയ്തെങ്കിലും ഗവണ്മെന്റ് മാനദണ്ഡം അനുസരിച്ചു അംഗീകാരം ലഭിച്ചില്ല. തുടർന്ന് അവസാന ടെൻഡറിൽ ശ്യാമ ഡൈനമിക്സ് എന്ന കമ്പനി പങ്കെടുക്കുകയും, അംഗീകാരത്തിനായി ക്യാബിനറ്റിൽ വെക്കുകയായിരുന്നു. കിഫ്ബി 2016 – 17 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണം. 19.77 കോടി രൂപയുടെ ഭരണാനുമതിയും 25.01.2018 ൽ 19.69 കോടി രൂപയ്ക്ക് സാങ്കേതിക അനുമതിയും പ്രവൃത്തിക്ക് ലഭിച്ചിരുന്നു.
കോഴഞ്ചേരിയിൽ – തിരുവല്ല – കുമ്പഴ റോഡിൽ സ്ഥിതിചെയ്യുന്ന കോഴഞ്ചേരി പഴയപാലത്തിന് സമാന്തരമായി തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് നിന്നും ആരംഭിച്ച് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ എത്തുന്ന റോഡിൽ പമ്പയാറിന് കുറുകെയാണ് പുതിയ കോഴഞ്ചേരി പാലം നിർമ്മിക്കുന്നത്. പാലത്തിന് ആകെ 198.8 മീറ്റർ നീളവും ഇരുവശത്ത് നടപ്പാതയോടു കൂടി 12 മീറ്റർ വീതിയും ആണ് ഉള്ളത്.
നിലവിലുള്ള സംസ്ഥാനപാതയായ തിരുവല്ല-കുമ്പഴ റോഡിൽ കോഴഞ്ചേരി ടൌണിൽ അനുഭവിക്കുന്ന ഗതാഗതകുരുക്കിന് ശാശ്വതപരിഹാരം ഉണ്ടാകുന്നതിനും ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ട് ഇല്ലാത്തരീതിയിൽ ഗതാഗതകുരുക്കിൽപെടാതെ പോകുവാനും ഈ പാലം സഹായിക്കും.