തിരുവല്ല : ഒരു വർഷം മുമ്പ് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നവീകരണ പ്രവർത്തനം നടത്തിയ അടിപ്പാത പൂർണ്ണമായി തകർന്നു. കഴിഞ്ഞ ഡിസംബറിൽ ആണ് ലക്ഷക്കണക്കിന് രൂപ മുടക്കി അടിപ്പാതയിൽ വെള്ളം കയറാതിരിക്കുവാനായി തറ കമ്പികെട്ടി കോൺക്രീറ്റ് ചെയ്തത്. റോഡിന്റെ പല ഭാഗങ്ങളിലായി കോൺക്രീറ്റ് ഇളകി കമ്പി പുറത്തുവന്ന് വാഹനങ്ങൾക്ക് കേടുപാട് ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്.
അടിപ്പാതയിൽ വെള്ളം നിറഞ്ഞാൽ അടിച്ചു വറ്റിക്കുന്നതിനായി വലിയ മോട്ടോറുകൾ സ്ഥാപിച്ചിട്ടുണ്ട് എങ്കിലും അടിപ്പാതയിലെ വെള്ളം പൂർണമായും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിർമ്മാണ വേളയിൽ തന്നെ നാട്ടുകാർ ഈ വിഷയം ഉദ്യോഗസ്ഥരുടെ മുമ്പിൽ അവതരിപ്പിച്ചെങ്കിലും ഇതൊന്നും ഗൗനിക്കാതെയുള്ള നിർമ്മാണ പ്രവർത്തനമാണ് ഇവിടെ നടന്നത്.
അടിപ്പാതയിലേക്ക് വെള്ളം കയറാതിരിക്കാൻ ആയി റോഡിന് ഇരുവശത്തും നിർമ്മിച്ച ഡ്രെയിനേജ് ഹോളിനു മുകളിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ തകർന്നതും യാത്രക്കാർക്ക് ദുരിതങ്ങളാണ് സമ്മാനിക്കുന്നത്. എത്രയും വേഗം പരിഹാര പ്രവർത്തികൾ നടത്തിയില്ലെങ്കിൽ ഈ റോഡിലുള്ള ഗതാഗതം പൂർണമായി സ്തംഭിക്കുന്ന അവസ്ഥയാകും. ടോറസ് അടക്കമുള്ള വലിയ ഭാരം കയറ്റി വാഹനങ്ങൾ നിത്യേന 100 കണക്കിന് കടന്നു പോകുന്ന റോഡിൽ റെയിൽവേ പോലുള്ള മികച്ച എൻജിനീയറിങ് വിഭാഗം ഉള്ളവർ നടത്തിയ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ ആരെ സഹായിക്കാൻ ആയിരുന്നു എന്ന് ചോദ്യമാണ് ഉയരുന്നത്.