അടൂർ : ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ‘ലഹരിവിമുക്ത കേരളം’ ബോധവല്‍ക്കരണ പ്രചാരണം രണ്ടാംഘട്ട പ്രവര്‍ത്തനത്തിന്റെ സമാപനത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ എക്സൈസ് വിമുക്തി മിഷന്റെയും മറ്റ് വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ അടൂരില്‍ ഇന്ന് (25) ‘ലഹരിയില്ലാ തെരുവ്’ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ അടൂര്‍ പുതിയ പാലത്തിന് സമീപം വിവിധ സ്കൂള്‍, കോളജ് കുട്ടികളുടെ കലാപരിപാടികള്‍ ഉള്‍പ്പെടെ അവതരിപ്പിക്കും.
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ‘ലഹരിയില്ലാ തെരുവ്’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
അടൂര്‍ നഗരസഭ ചെയര്മാന് ഡി. സജി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് മുഖ്യ അതിഥി ആയിരിക്കും. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്, എഡിഎം ബി. രാധാകൃഷ്ണന്, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, ജില്ലയിലെ വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.