തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചിത്വ കൗണ്‍സിലുകള്‍
അടിയന്തിരമായി രൂപീകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയുടെ സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വ കൗണ്‍സിലുകള്‍ അടിയന്തിരമായി രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണം, മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

Advertisements

സര്‍ക്കാരിന്റെ മാലിന്യ മുക്ത കേരളം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഉത്തരവ് ലഭിക്കുന്നതിന് മുമ്പ് തന്നെ പത്തനംതിട്ട ജില്ല മാലിന്യ മുക്ത ജില്ല എന്ന ലക്ഷ്യത്തിന് വേണ്ടി നടപടികള്‍ സ്വീകരിച്ചു വന്നിരുന്നു. നിലവില്‍ ഈ രണ്ടു പദ്ധതികളും കൂടി ഏകോപിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സര്‍ക്കാരിന്റെ 2023 മാര്‍ച്ച് 15 ന്റെ പുതിയ ഉത്തരവു പ്രകാരമുളള പ്രവര്‍ത്തനങ്ങളാണ് ഇനി ഘട്ടം ഘട്ടമായി ചെയ്തു തീര്‍ക്കേണ്ടത്. നവകേരളം കര്‍മ പദ്ധതിയുടെ ചുമതലക്കാര്‍ ഹരിതമിത്രം എന്ന ആപ്പ് മുഖേന ശുചിത്വ സര്‍വേ ആരംഭിച്ചു.
ആദ്യഘട്ടത്തില്‍ ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെയും നാല് നഗരസഭകളിലെയും സര്‍വേ നടപടികളാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഈ വിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ശുചിത്വ സര്‍വേ ജില്ലയില്‍ വ്യാപകമാക്കുന്നതിനുളള നിര്‍ദേശം ലഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സാഹചര്യത്തില്‍ ശുചിത്വ സര്‍വേ വ്യാപകമാക്കുന്നതിനുളള നടപടികള്‍ ഊര്‍ജിതമാക്കണം. പുതിയ ഉത്തരവ് പ്രകാരമുളള തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജൈവ- അജൈവ മാലിന്യങ്ങള്‍ 100 ശതമാനവും ഉറവിടത്തില്‍ തന്നെ തരം തിരിക്കണം. അജൈവ മാലിന്യങ്ങള്‍ പൂര്‍ണമായും വാതില്‍പടി ശേഖരണം വഴി സാധ്യമാക്കണം. ജൈവ മാലിന്യം പൂര്‍ണമായും ഉറവിടത്തില്‍ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണം. മാലിന്യകൂനകള്‍ ഇല്ലാത്ത വൃത്തിയുളള പൊതു ഇടങ്ങള്‍ സൃഷ്ടിക്കണം. എല്ലാ ജലാശയങ്ങളിലെയും ഖരമാലിന്യങ്ങള്‍ നീക്കം ചെയ്ത് നീരോഴുക്ക് ഉറപ്പാക്കണം.

ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ പ്രവര്‍ത്തനങ്ങളെ അടിയന്തിര ഇടപെടല്‍, ഹ്രസ്വകാല ഇടപടെല്‍, ദീര്‍ഘകാല ഇടപെടല്‍ എന്നീ രീതിയല്‍ പ്രത്യേകമായി തരം തിരിച്ച് നടപ്പാക്കണം.
അടിയന്തിര പ്രവര്‍ത്തനങ്ങളുടെ ഗൗരവം പരിഗണിച്ച് 2023 മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 31 വരെ മുന്നൊരുക്കങ്ങള്‍ നടത്തണം. ഹ്രസ്വകാല ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ ആരംഭിച്ച് 2024 മാര്‍ച്ചിന് മുമ്പായി പൂര്‍ത്തിയാക്കണമെന്ന് പ്രസിഡന്റ് പറഞ്ഞു. പൊതു ഇടങ്ങളില്‍ മാലിന്യം തളളുന്നവര്‍ക്കും വാഹനങ്ങള്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതിനായി പോലീസിന്റെ സേവനം അവശ്യ സന്ദര്‍ഭങ്ങളില്‍ ഉറപ്പാക്കുന്നതിനെകുറിച്ചും യോഗം വിലയിരുത്തി.
മാലിന്യ സംസ്‌കരണം വളരെ ഗൗരവമായി കാണണമെന്നും ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കണമെന്നും ജനകീയ ഇടപെടല്‍ ഉണ്ടാകണമെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

ഹരിത കര്‍മസേന കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ഇടങ്ങളില്‍ അതിനുളള ശക്തമായ നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാരിന്റെ നിര്‍ദിഷ്ട അടിയന്തിര പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് അവ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ നഗര കേന്ദ്രത്തില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നതില്‍ പത്തനംതിട്ട നഗരസഭയുടെ പൂര്‍ണ പിന്തുണ ലഭ്യമാക്കുമെന്ന് നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പദ്ധതി വിശദീകരണം നടത്തി. മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തേണ്ട കര്‍മ പദ്ധതികള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ജില്ലാ എപ്പിഡമോളജിസ്റ്റ് പ്രിന്‍സ് അലക്‌സാണ്ടര്‍ വിഷയാവതരണം നടത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.