പത്തനംതിട്ട :
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കം പൂര്‍ണ്ണം . വോട്ടെണ്ണല്‍ നാളെ പ്രക്രിയയ്ക്ക് പുലര്‍ച്ചെ മുതല്‍ തുടക്കമാവും. ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പുലര്‍ച്ചെ ജീവനക്കാര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിച്ചേരും. രാവിലെ അഞ്ചിന് മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടക്കും. ശേഷമാവും ജീവനക്കാരെ അവര്‍ക്ക് നിയോഗിച്ചിട്ടുള്ള കൗണ്ടിംഗ് സെന്ററുകളിലേക്ക് നിയോഗിക്കുക.
രാവിലെ ഏഴിനാണ് സ്‌ട്രോംഗ് റൂം തുറക്കുക. വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തില്ലെന്ന ജീവനക്കാരുടെ സത്യപ്രതിജ്ഞയ്ക്കു ശേഷം ഇവിഎമ്മുകള്‍ കൗണ്ടിംഗ് മേശകളിലേക്ക് മാറ്റും.
രാവിലെ എട്ടിനു തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഹോം വോട്ടിംഗില്‍ രേഖപ്പെടുത്തിയ തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു ടേബിളില്‍ ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിങ്ങനെയാണുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 8.30 ന് ഇവിഎമ്മുകളിലെ കൗണ്ടിംഗ് ആരംഭിക്കും. ഇവിഎം എണ്ണുന്ന മേശകളില്‍ സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുണ്ടാകും. കാഞ്ഞിരപ്പളളി, പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇവിഎമ്മുകള്‍ എണ്ണുന്നതിന് ഏഴ് കൗണ്ടിംഗ് ഹാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും 14 മേശയുണ്ട്. പോസ്റ്റല്‍ വോട്ട് എണ്ണുന്നതിന് 35 മേശയും സര്‍വീസ് വോട്ട് എണ്ണുന്നതിനു മുന്‍പായി സ്‌കാനിംഗിനു വേണ്ടി 14 മേശയും വേറെ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ മണ്ഡലത്തിലേയും അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകള്‍ നിര്‍ബന്ധമായും എണ്ണും. നറുക്കിട്ടാണ് ബൂത്തുകള്‍ തെരഞ്ഞെടുക്കുക. ഈ ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണിയശേഷമേ അന്തിമവിധി പ്രഖ്യാപനമുണ്ടാകൂ.