പത്തനംതിട്ട :
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നാളെ മുതല്‍ 24 വരെ നടക്കും. നിയമനം ലഭിച്ച കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ തുടങ്ങിയവര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ ബാച്ചുകളിലായാണ് പരിശീലനം നല്‍കുക. രണ്ടാം ഘട്ട പരിശീലനം 27 മുതല്‍ 29 വരെയും നടക്കും. വോട്ടണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായുള്ള ആദ്യ ഘട്ട റാന്ഡമൈസേഷന് ജില്ലയില്‍ 17ന് പൂര്‍ത്തിയായിരുന്നു.
25 ശതമാനം റിസര്‍വ് അടക്കം ആകെ 580 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. ജീവനക്കാര്‍ നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും, പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.