തിരുവല്ല : മാർച്ച് 28ന് ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയുടെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
ആറന്മുള നിയോജക മണ്ഡലത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ ഗാന്ധി പ്രതിമയുടെ സമീപത്തുനിന്ന് ആരംഭിച്ച് കെ എസ് ആർ ടി സി ബസ്റ്റാൻഡ് വരെ നടത്തിയ ഘോഷയാത്ര ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവല്ലയിൽ സബ് കളക്ടർ സഫ്ന നസറുദ്ദീനും കോന്നി, റാന്നി, അടൂർ താലൂക്ക് ആസ്ഥാനങ്ങളിൽ ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർമാർ കൂടിയായ തഹസിൽദാർമാരും ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം സംബന്ധിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് വിളംബര ഘോഷയാത്രകൾ സംഘടിപ്പിച്ചത്. ഘോഷയാത്രയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി.