അടൂര്‍ : പരിചരിക്കുവാനോ, സഹായിക്കുവാനോ ആരുമില്ലാതെ ആശുപത്രിക്കിടക്കയില്‍ ഉറ്റവരും ഉടയവരുമാല്‍ ഉപേക്ഷിക്കപ്പെട്ട രാജന്‍ (75), ഗോപാലകൃഷ്ണന്‍ (38) എന്നിവരെ അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മണികണ്ഠന്‍, ആര്‍എംഒ ഡോ. സാന്‍വി സോമന്‍ എന്നിവരുടെ ശുപാര്‍ശപ്രകാരം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു. പന്നിവിഴ സ്വദേശിയായ രാജന് സ്വന്തം വീടോ മറ്റ് സൗകര്യങ്ങളോ ഇല്ല. റവന്യൂടവറിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ഇദ്ദേഹം അന്തിയുറങ്ങിയിരുന്നത്.
രോഗാതുരനായതോടെ ആശുപത്രിയില്‍ ആരുടെയൊക്കെയോ സഹായത്താല്‍ എത്തിച്ചേരുകയായിരുന്നു.
തൊടുപുഴ സ്വദേശിയായ ഗോപാലകൃഷ്ണനെ മകന്‍ ഗോപകുമാറാണ് ആശുപത്രിയില്‍ എത്തിച്ച് ഉപേക്ഷിച്ചതെന്ന് പറയുന്നു. ഓര്‍മ്മക്കുറവും, സംസാര വൈകല്യവും നിമിത്തം ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. മഹാത്മ ജനസേവനകേന്ദ്രം ട്രഷറര്‍ മഞ്ജുഷ വിനോദ്, ട്രസ്റ്റി നിഖില്‍. ഡി, സൂപ്രണ്ട് പ്രീത ജോണ്‍, കെയര്‍ടേക്കര്‍ വിനോദ്. ആര്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാന്‍ കഴിയുന്നവര്‍ അടൂര്‍ മഹാത്മയില്‍ അറിയിക്കണമെന്ന് ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍: 04734299900