അടൂർ : മങ്ങാട് ഗണപതി ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി വടക്കേക്കര താഴത്തു വടക്ക് ചക്കാലയിൽ വീട്ടിൽ നൗഷാദ് (32) ആണ് പിടിയിലായത്. കഴിഞ്ഞവർഷം നവംബർ 13 രാത്രിയും പിറ്റേന്ന് പുലർച്ചെക്കുമിടയിലാണ് പ്രതികൾ മോഷണം നടത്തിയത്. നാലമ്പലത്തിൽ കയറി തിടപ്പള്ളിയുടെ പൂട്ട് തകർത്ത മോഷ്ടാക്കൾ, ശ്രീകോവിലിനു മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 6000 രൂപ കവർന്നു. പിന്നീട്, നാലമ്പലത്തിനടുത്തുള്ള മാനേജരുടെ മുറിയുടെ പൂട്ട് പൊളിച്ചു കയറി മേശയിൽ സൂക്ഷിച്ച 4000 രൂപയും 15000 രൂപ വിലവരുന്ന മൊബൈൽ ഫോണും മോഷ്ടിച്ചു കടക്കുകയായിരുന്നു.
15 ന് കേസെടുത്ത പോലീസ് ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി. ദൃശ്യങ്ങളിൽ നിന്നും രണ്ട് പ്രതികൾ ഉണ്ടെന്ന് വ്യക്തമായിരുന്നു. ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ്സിന്റെ നിർദേശപ്രകാരം പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. തുടർന്ന് ഒന്നാം പ്രതി നൗഷാദിനെ ഇന്നലെ വൈകിട്ട് നാലുമണിയോടെ അടൂർ ടൗണിൽ നിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് രാത്രി അറസ്റ്റ് രേഖപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാൾ പത്തനാപുരം പോലീസ് 2020 ൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിലും, കുണ്ടറ പോലീസ് 2022 ലെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിലും പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടാം പ്രതിക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം അടൂർ ഡി വൈ എസ് പി ജയരാജിന്റെ മേൽനോട്ടത്തിൽ അടൂർ ഇൻസ്‌പെക്ടർ ശ്യാം മുരളി , എസ് ഐ മനീഷ് , സുനിൽ കുമാർ, എസ് സി പി ഓമാരായ മുജീബ് , ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.