തിരുവല്ല : കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് പതിനായിരക്കണക്കിന് കുടുംബങ്ങളെ തുടർച്ചയായി ബാധിച്ചു കൊണ്ടിരിക്കുന്ന മണിമലയാറ്റിലെ വെള്ളപ്പൊക്കത്തിൽ നിന്നും ദുരിതമകറ്റാൻ അടിയന്തരമായി മണിമല റിവർ ബേസ് അതോറിറ്റി രൂപീകരിച്ച് വെള്ളപ്പൊക്ക നിയന്ത്രണ നടപടികൾക്ക് വേഗം കൂട്ടണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ് ആവശ്യപ്പെട്ടു.
2018 നു മുമ്പ് മണിമലയുടെ സമീപ നദികളായ പമ്പ, അച്ചൻകോവിൽ, മീനച്ചിൽ എന്നീ നദികൾ കരകവിഞ്ഞാൽ മാത്രമേ മണിമലയാറ്റിൽ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ടായിരുന്നുള്ളൂ.
എന്നാൽ ഇപ്പോൾ രണ്ടുദിവസം തുടർച്ചയായി മഴ പെയ്താൽ മണിമലയാർ കരകവിഞ്ഞ് ജനങ്ങൾക്ക് ദുരിതമുണ്ടാക്കുന്ന സാഹചര്യം ആണുള്ളത്. 2018ലെ പ്രളയത്തോടനുബന്ധിച്ച് നദികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലുകൾ നീക്കം ചെയ്യാത്തതും നദിയുടെ 60% ത്തോളം മൺപുറ്റുകൾ ഉണ്ടായി കരഭൂമി ആയതുകൊണ്ടും നദിയുടെ സംരക്ഷണ ഭിത്തികൾ പലയിടത്തുംതകർന്നതുമാണ് മണിമലയാറ്റിൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണിമലയാറിന് ഡാമുകൾ ഇല്ലാത്തതിനാൽ വരുന്ന വെള്ളം അതുപോലെ ഒഴുകി കടലിൽ പതിക്കുകയാണ് പതിവ്. മണിമലയിൽ എവിടെയെങ്കിലും ഡാം നിർമ്മിക്കാൻ പറ്റുന്ന സാഹചര്യമുണ്ടെങ്കിൽ അതും പരിഗണിക്കണമെന്ന് രാജേഷ് ആവശ്യപ്പെട്ടു.
ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും വളർത്തു മൃഗങ്ങൾക്ക് ഉണ്ടാകുന്ന ജീവഹാനികളും കൂടാതെ വാസസ്ഥലത്തിന്റെ സുരക്ഷാ സംവിധാനത്തിന് പോലും വെല്ലുവിളി ഉയർത്തുകയാണ്. അതിനാൽ യുദ്ധകാല അടിസ്ഥാനത്തിൽ മണിമലയാറ്റിലെ വെള്ളപ്പൊക്കത്തിന് പരിഹാരം കാണുവാൻ അധികൃതർ തയ്യാറാകണം എന്നും രാജേഷ് ആവശ്യപ്പെട്ടു.