പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതുപ്രകാരം നടത്തിയ നീക്കത്തിൽ കെ എസ് ആർ ടി സി ബസിൽ വില്പനയ്ക്കായി ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 97 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കൾ അടൂരിൽ പിടിയിലായി. അടൂർ കണ്ണംകോട് പൂതക്കുഴി തെക്കേതിൽ യാസിൻ(23), ചെട്ടിയാർ വീട്ടിൽ മേലേതിൽ ഫറൂഖ് (23) എന്നിവരെയാണ് അടൂർ പോലീസും ജില്ലാ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. ബുധനാഴ്ച രാവിലെ 10.30-നാണ് സംഭവം. ബംഗുളുരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് യുവാക്കൾ പോലീസിനോട് വെളിപ്പെടുത്തി. ബംഗുളുരുവിൽ നിന്നും ട്രെയിനിൽ വന്ന് തിരുവല്ലയിൽ ഇറങ്ങി. കെഎസ്ആർടിസി ബസിൽ കയറിയതാണെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
രഹസ്യവിവരം ലഭിച്ചത് അനുസരിച്ച് ഡാൻസാഫ് സംഘവും പോലീസും അടൂരിൽ കാത്തുനിൽക്കുകയായിരുന്നു. . തുടർന്ന്, അടൂർ കെഎസ്ഇബി ഓഫീസിനു സമീപം വച്ച് ബസ് തടഞ്ഞു നിർത്തി യുവാക്കളെ പിടികൂടി. ഡാൻസാഫ് സംഘത്തിനൊപ്പം അടൂർ എസ്എച്ച്ഒ ശ്യാം മുരളി, എസ്ഐ മാരായ ഡി.സുനിൽകുമാർ, എം.ജി.അനൂപ്, രാധാകൃഷ്ണൻ, എ എസ്ഐ മഞ്ജുമോൾ, സിപിഒ മാരായ ആർ.രാജഗോപാൽ, ശ്രീവിശാഖ്, ഗോപൻ, രാഹുൽ എന്നിവർ നടപടികളിൽ പങ്കെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു, കൂടുതൽ അന്വേഷണം നടക്കുകയാണ്.