തിരുവല്ല : ജനുവരി 18 മുതൽ 21 വരെ തിരുവല്ലയിൽ നടക്കുന്ന അഗോള മലയാളി പ്രവാസി സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് – 2024 ൻ്റെ രജിസ്ട്രേഷൻ ചെയ്തവരുടെ എണ്ണം അറുപതിനായിരം കടന്നതായി സംഘാടക സമിതി രക്ഷാധികാരിയും മുൻ മന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 12009 പേർ പത്തനംതിട്ടയിൽ നിന്നും 13007 പേർ കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും 10078 പേർ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും 27 721 പേർ വിദേശ രാജ്യങ്ങളിൽ നിന്നുമാണ്.
രജിസ്ട്രേഷൻ 60000 കടന്നത് തിരുവല്ല ബിഗ് മൗത്ത് ഹോട്ടൽ ഹാളിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത കേക്ക് മുറിച്ച് ആഘോഷിച്ചു.
പ്രവാസി സംഘടനകൾ തങ്ങളുടെ അംഗങ്ങളെ കൂട്ടമായി കോൺക്ലേവിന് രജിസ്റ്റർ ചെയ്യുന്നത് അവേശകരമായ അനുഭവമാണെന്ന് തോമസ് ഐസക് പറഞ്ഞു.
ഒരു ലക്ഷം പേർ ഓൺലൈനായും 3000 പേർ നേരിട്ടും കോൺക്ലേവിൽ സംബന്ധിക്കും. ഓൺലൈൻ രജിസ്ട്രേഷന് ഫീസില്ല. നേരിട്ട് പങ്കെടുക്കുന്നവരിൽ താമസവും ഭക്ഷണവും വേണ്ടവർ 1000 രൂപ രജിസ്ട്രേഷൻ ഫീസായി നൽകേണ്ടതുണ്ട്. അല്ലാത്തവർക്ക് പ്രവേശനം സൗജന്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടർ 19 ന് രാവിലെ 9 മണിക്ക് തിരുവല്ല സെന്റ്. ജോൺസ് പള്ളി (കൂടാരപ്പള്ളി)യിൽ ആരംഭിക്കും. താമസ സൗകര്യം വേണ്ടവർ നേരത്തെ രജിസ്റ്റർ ചെയ്യണം.
18 ന് വൈകിട്ട് 4ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൈഗ്രേഷൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമതി ചെയർമാനും സാഹിത്യകാരനുമായ ബന്യാമിൻ വ്യക്തമാക്കി.
തുടർന്ന് സ്റ്റീഫൻ ദേവസി – ശിവമണി ടീം നേതൃത്വം നൽകുന്ന മ്യൂസിക്കൽ ഇവൻ്റ് സംഘടിപ്പിക്കും.
19 നാണ് ആഗോള പ്രവാസി സംഗമം. ഇന്ത്യൻ സംസ്ഥാനങ്ങൾ, ഓസ്ട്രേലിയയും ഏഷ്യൻ രാജ്യങ്ങളും ഗൾഫ് രാജ്യങ്ങൾ, വടക്കേ ആഫ്രിക്കയും യൂറോപ്യൻ രാജ്യങ്ങളും വടക്കേ അമേരിക്ക എന്നിങ്ങനെ വ്യത്യസ്ഥ അന്തർ ദേശീയ സമയ മേഖലകളായിട്ടാണ് സമ്മേളന ഹാളുകൾ ക്രമീകരിച്ചിട്ടുള്ളത്. ഹാളിൽ പ്രവേശിച്ചിട്ടുള്ളവർക്ക് എൽഇഡി വാളിൽ ചർച്ചകൾ വീക്ഷിക്കാം. മറ്റുള്ളവർക്ക് മൈഗ്രേഷൻ കോൺക്ലേവ് വെബ് സൈറ്റിൽ ലോഗ് ഇൻ ചെയ്ത് പരിപാടികൾ കാണാം.
സമൂഹമാധ്യമങ്ങളിലൂടെയും സമ്മേളനം ലൈവ് സ്ട്രീം ചെയ്യുന്നുണ്ട്. അധ്യക്ഷ വേദി സമ്മേളന ഹാളുകളിലാണ് ക്രമീകരിക്കുന്നത്.
ഒരോ വേദിയിലും 3 മണിക്കൂർ ദൈർഘ്യമുള്ള 4 സമ്മേളനങ്ങളാണ് നടക്കുന്നത്. പ്രവാസികളും കേരളത്തിലെ ഉന്നത വിദ്യാഭ്യാസവും, നൈപുണി പരിശീലനവും തൊഴിൽ സൃഷ്ടിയും, പ്രവാസികളും സംരഭകത്വ വികസനവും, പ്രവാസി വീടുകളിലെ വയോജന സംരക്ഷണവും എന്നതിനെ ആസ്പദമാക്കിയാണ് സമ്മേളനങ്ങൾ ചേരുന്നത്.
സമ്മേളനങ്ങൾ കേരളത്തിലെ മന്ത്രിമാരാണ് ഉദ്ഘാടനം ചെയ്യുന്നത്. വിദഗ്ധരുടെ പാനലുകൾ വിഷയം അവതരിപ്പിക്കും. ചർച്ചയിൽ പങ്കെടുക്കുന്നവർ അവതരണത്തിൻ്റെ രത്ന ചുരുക്കം അയച്ചുതരണമെന്ന് തോമസ് ഐസക് പറഞ്ഞു. migrationconclave @gmail.com എന്ന ലിങ്കിൽ സംസാരിക്കാൻ അനുവദിച്ചിട്ടുള്ള സമയക്രമവും അതിനായുള്ള ലിങ്കും അയച്ചു നൽകും.
വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ എ പത്മകുമാറും സംബന്ധിച്ചു.