തിരുവല്ല : പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിലെ നവീകരിച്ച പ്ലാന്റ് തദ്ദേശ സ്വയംഭരണ,
എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സന്ദര്ശിച്ചു.
തിങ്കളാഴ്ച രാവിലെ ഫാക്ടറിയിലെത്തിയ മന്ത്രി പുതിയതായി സ്ഥാപിച്ച രണ്ട് ബെൽറ്റുകളുടെ സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു. 4.5 കോടി രൂപ ചെലവഴിച്ച് പുതിയ ബെൽറ്റുകൾ കൂടി സ്ഥാപിച്ചതോടെ ഒരു ദിവസം 15000 കെയ്സ് മദ്യം ഉത്പാദിപ്പിക്കാനാകും. കുപ്പികളിൽ മദ്യം നിറച്ച് സ്റ്റിക്കർ പതിക്കുന്ന ജോലികൾ കുടുംബശ്രീ പ്രവർത്തകരാണ് ചെയ്യുന്നത്. മാനേജിങ് ഡയറക്ടർ യോഗേഷ് ഗുപ്ത, കെ.എസ്.ബി.സി. ജനറൽ മാനേജർമാരായ ടി.കെ. വിശ്വനാഥൻ, സി.യു. അഭിലാഷ്, എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ വി.എ. പ്രദീപ്, കമ്പനി ജനറൽ മാനേജർ ജോയൽ വർഗീസ് എന്നവർ ചേർന്ന് ഫാക്ടറിയുടെ പ്രവർത്തനത്തെ കുറിച്ച് മന്ത്രിക്ക് വിശദീകരിച്ചു.
അഡ്വ. ആർ. സനൽകുമാർ, അഡ്വ. ഫ്രാൻസിസ് വി. ആന്റണി, ബാലചന്ദ്രൻ എന്നിവർ മന്ത്രിക്കൊപ്പം ഫാക്ടറി സന്ദർശിച്ചു. മേരി ഹസീന റിപ്പോർട്ട് അവതരിപ്പിച്ചു. ഫാക്ടറി ആധുനികവത്കരിക്കാനുള്ള പദ്ധതികളും മന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചു. കാലപഴക്കമുള്ള പഴയ കെട്ടിടങ്ങളാണ് വലിയ ഭീഷണി. രണ്ട് മാസത്തിനുള്ളിൽ ജവാൻ പ്രീമിയം ട്രിപ്പിൾ എക്സ് റം ഉത്പാദിപ്പിക്കാനുള്ള നടപടികളാണ് പൂർത്തിയാകുന്നത്. നിലവിൽ ജവാൻ സ്പെഷ്യൽ റം ഒരു ലിറ്റർ കുപ്പികളിലാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. പുതിയതായി 750, 500 മില്ലികൾ വീതമുള്ള കുപ്പികളിലും വിതരണം ചെയ്യും. 1954 -ൽ ഇന്ത്യൻ മിലിറ്ററി ക്യാന്റീനിലേക്ക് ആവശ്യമായ മദ്യ നിർമ്മാണം ഇവിടെ ആരംഭിച്ചു. ഇതാണ് ജവാൻ എന്ന പേര് ലഭിക്കാനുള്ള കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ഫാക്ടറിയിൽ വിദ്യാർത്ഥികളുടെ പഠന ആവശ്യത്തിനും, ഗവേഷണത്തിനും ഉപകരിക്കും വിധം കമ്പനിക്കുള്ളിൽ മ്യൂസിയം ആരംഭിക്കാനും പദ്ധതി. പഴയ ഡിസ്റ്റിലറി യൂണിറ്റ്, സ്പിരിറ്റ് സൂക്ഷിക്കുന്ന തടികൊണ്ടുള്ള കൂറ്റൻ ഭരണി, ഫാക്ടറിയുടെ പ്രവർത്തനം എന്നിവയാണ് മ്യൂസിയത്തിൽ ഒരുക്കുന്നത്. കമ്പനി പൂർണ്ണമായും കമ്പ്യൂട്ടർവത്കരിക്കും. 1937 ൽ തോമസ് പാരി എന്നയാണ് കമ്പനി തുടങ്ങുന്നത്. 1974 – ൽ സർക്കാർ ഏറ്റെടുത്തു. ആറ് സ്ഥിരം ജീവനക്കാർ, 24 താൽക്കാലിക ജീവനക്കാർ, 105 കുടുംബശ്രീ വനിത ജീവനക്കാർ, 16 സെക്യൂരിറ്റി, 10 ലോഡിങ്ങ് തൊഴിലാളികളുമാണ് ഇവിടെയുള്ളത്.
ആർ.സി.സി. ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക ആശുപത്രികൾക്കും, ഐ.എസ്.ആർ.ഒ., വി.എസ്.എസ്.സി, റീസെർച് ആൻഡ് ഡെവലപ്മെന്റ്റ് സ്ഥാപനങ്ങൾ, കോളജുകൾ, കാർഷിക ഗവേഷണ സ്ഥാപനങ്ങൾ, മിൽമ, ഹോമിയോ ആശുപത്രികൾ എന്നീ സ്ഥാപനങ്ങൾക്ക് റെക്ടിഫൈഡ് സ്പിരിറ്റ്, ഡീനേച്ചർഡ് സ്പിരിറ്റ്, മെതലേറ്റഡ് സ്പിരിറ്റ് എന്നിവ ഇിവിടെ നിന്നാണ് നൽകുന്നത്. ജവാൻ റമ്മിന് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും അതിന്റെ 10 ശതമാനം മാത്രമേ നിലവിൽ ഇവിടെ ഉത്പാദിപ്പിക്കാനാകുന്നുള്ളൂ. 2020 – 21 കാലയളവിൽ 8.5 കോടിയാണ് കമ്പനിയുടെ ലാഭം.