പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും 24 ന് നടത്താൻ പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലെടുക്കുന്ന തൊഴിലാളികളുടെ കൂലി കുടിശ്ശിക അടിയന്തിരമായി അനുവദിക്കുക, ലേബർ ബഡ്ജറ്റ് വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നത്.
മുൻ വർഷം ഡിസംബർ മുതൽ തൊഴിലാളികൾക്ക് കൂലി ലഭിക്കുന്നില്ലന്നും, 695 കോടി രൂപ കുടിശ്ശികയും 400 കോടിയോളം രൂപ മെറ്റീരിയൽ ഇനത്തിലും ലഭിക്കാനുള്ളപ്പോൾ തൊഴിൽ ദിനം കേന്ദ്രം 5 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്. പദ്ധതിയെ അട്ടിമറിക്കാനുള്ള ഈ നീക്കത്തിന് എതിരെ മുഴുവൻ തൊഴിലാളികളെ അണിനിരത്താൻ കമ്മറ്റി തീരുമാനിച്ചതായി യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. ആർ സനൽകുമാർ, പ്രസിസൻറ് എസ് ഭദ്രകുമാരി എന്നിവർ അറിയിച്ചു.