ആരോഗ്യമേഖലയിൽ സർവതല സ്പർശിയായ വികസനം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട :
സംസ്ഥാനത്ത് ആരോഗ്യമേഖലയിൽ സർവതല സ്പർശിയായ വികസനമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. നാരങ്ങാനം കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ 46 കോടി രൂപ ചെലവിൽ ട്രോമാ ക്രിട്ടിക്കൽ കെയർ യൂണിറ്റ് ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നിലയിലുള്ള രണ്ട് ബ്ലോക്കുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കോഴഞ്ചേരി താലൂക്ക് ആശുപത്രിയിൽ കിഫ്ബിയിലൂടെ 30 കോടി രൂപയുടെ കെട്ടിടം പൂർത്തിയാകുന്നു. ശബരിമല തീർത്ഥാടകർ കൂടുതലായി ആശ്രയിക്കുന്ന റാന്നി താലൂക്ക് ആശുപത്രിയിൽ 15.5 കോടി രൂപ ചെലവിൽ സ്ഥലം ഏറ്റെടുത്ത് കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. അടൂർ ജനറൽ ആശുപത്രിയിലും കോന്നി, മല്ലപ്പള്ളി, തിരുവല്ല താലൂക്ക് ആശുപത്രികളിലും സമാനരീതിയിൽ നിർമ്മാണം നടക്കുന്നു.

Advertisements

സബ് സെൻററുകൾ ആയിരുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളെ ആധുനിക നിലവാരത്തിൽ ഉയർത്തി. സംസ്ഥാനത്തുടനീളം 5417 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സർക്കാർ ആരംഭിച്ചു. ഇവിടെ ചൊവ്വ ദിവസം സ്ത്രീകൾക്കുള്ള വെൽനസ് ക്ലിനിക് പ്രവർത്തിക്കുന്നു. രക്തസമ്മർദ്ദം, വിളർച്ച, പ്രമേഹം തുടങ്ങി 14 ഓളം സൗജന്യപരിശോധനകളും മരുന്നും ലഭ്യമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2015-16 കാലഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 12 ഡയാലിസിസ് കേന്ദ്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. നിലവിൽ 108 സർക്കാർ ആശുപത്രിയിൽ ഡയാലിസിസ് നടത്തുന്നു. 13 ജില്ലാ ആശുപത്രിയിലും കാർഡിയോളജി വിഭാഗത്തിൽ അത്യാധുനിക കത്ത്ലാബ് സജ്ജമാക്കി. ഇടുക്കി അടിമാലിയിലും ഈ വർഷം പുതിയ കാത്ത്ലാബ് പ്രവർത്തന സജ്ജമാകും.
സങ്കീർണമായ വൈദ്യപരിശോധനയ്ക്ക് സൗകര്യമുള്ള നിർണ്ണയ ലാബ് ശൃംഖലയും സംസ്ഥാനത്തുടനീളം ഉടൻ പ്രവർത്തനമാരംഭിക്കും.

ക്യാൻസർ മരുന്നുകൾ സബ്സിഡി നൽകി വലിയ വിലക്കുറവിൽ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കി. അർബുദം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകുന്നതിന് ആരോഗ്യം ആനന്ദം ക്യാമ്പയിൻ നടപ്പാക്കി. ഒരു മാസത്തിനുള്ളിൽ 15 ലക്ഷം സ്ത്രീകളെ സ്ക്രീനിങ് നടത്തി 200 രോഗികളെ ഇതിലൂടെ കണ്ടെത്താൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം അധ്യക്ഷനായി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെ. ഇന്ദിരാദേവി, വൈസ് പ്രസിഡൻറ് കെ. ആർ. അനീഷാ, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി സോമരാജൻ, വൈസ് പ്രസിഡൻറ് കടമ്മനിട്ട കരുണാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പി. എബ്രഹാം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരായ റെജി തോമസ്, റസിയ സണ്ണി, ബെന്നി ദേവസ്യ, വാർഡ് അംഗങ്ങൾ, ജില്ലാ മെഡിക്കൽ ഓഫീസർ എൽ. അനിതകുമാരി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മഞ്ജു എം. ഹനീഫ തുടങ്ങിയവർ പങ്കെടുത്തു

Hot Topics

Related Articles