തിരുവല്ല : കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ്.14,76,68,921 രൂപ വരവും 14,60,75,500 രൂപ ചെലവും 15,93,421 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്. പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്ത ബജറ്റ് വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട് അവതരിപ്പിച്ചു.
നെടുമ്പ്രം വെസ്റ്റ് പാടശേഖരം തരിശു രഹിതമാക്കുന്നതിന് മൂന്നുലക്ഷം രൂപയും കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 28,10,000 രൂപയും വകയിരുത്തിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്കായി 76.42 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.
സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വനിതകള്‍ക്ക് ഫിറ്റ്‌നസ് സെന്റര്‍ ഏര്‍പ്പെടുത്തുന്നതിന് ഒരു ലക്ഷം രൂപയും പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനായി പത്തുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനായി സംസ്ഥാന ബജറ്റില്‍ വകയിരത്തിയിരിക്കുന്ന രണ്ടുകോടി രൂപ ഫലപ്രദമായി വിനിയോഗിക്കാനുള്ള നടപടികളും ബജറ്റിലുണ്ട്. വയോജനക്ഷേമത്തിന് 25,000 രൂപയും വകയിരുത്തി. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.എസ് ഗിരീഷ്‌കുമാര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജെ. പ്രീതിമോള്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ഫിലിപ്പ്, പഞ്ചായത്ത് അംഗങ്ങളായ തോമസ് ബേബി, വിഞ്ജു എലിസബത്ത് സേവ്യര്‍, ടി.എസ് സന്ധ്യാമോള്‍ , പി.വൈശാഖ് , ശ്യാം ഗോപി, കെ. മായാദേവി, ജിജോ ചെറിയാന്‍, ഗ്രേസി അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.