പത്തനംതിട്ട :
ആറന്മുള ഗ്രാമപഞ്ചായത്തിൽ നീര്‍വിളാകത്ത് ജില്ലാ പഞ്ചായത്ത് പുതിയതായി ആരംഭിച്ച കാര്‍ഷിക സംഭരണ, വിപണന കേന്ദ്രം
നാടിന് കൈത്താങ്ങ് എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് കാര്‍ഷിക മേഖലയില്‍ മികച്ച ഇടപെടലാണ് നടത്തിയത്. കര്‍ഷകരുടെ ഉൽപന്നങ്ങൾ സംഭരിച്ച് ഇടനിലക്കാരില്ലാതെ നേരിട്ട് വില്‍ക്കാന്‍ ഇതിലൂടെ കഴിയും. ഓണത്തിനും തുടര്‍ന്നും വിഷരഹിത പച്ചക്കറി ലഭ്യമാകും. നീര്‍വിളാകം പാടശേഖരത്തിനും കൃഷിക്കുമായി സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 ലക്ഷം രൂപ വിനിയോഗിച്ചാണ് കാര്‍ഷിക സംഭരണ വിപണന കേന്ദ്രം നിര്‍മിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഓണം വിപണിയും കേരളാ ദിനേശ് സഹകരണ സംഘം വക ഓണകലവറയും കേന്ദ്രത്തിലുണ്ടാകും. ഓണ വിപണി സെപ്റ്റംബര്‍ 4 ഉത്രാട ദിനം വരെ തുടരും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി റ്റോജി, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ഗ്രാമപഞ്ചായത്ത് അംഗം ഷീജ പ്രമോദ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം എസ് മുരളി കൃഷ്ണന്‍, സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ആര്‍ വസന്ത് കുമാര്‍, കുടുംബശ്രീ സിഡിഎസ് അംഗം സന്ധ്യ അനില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അജി മുഹമ്മദ്, ലാല്‍ കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.