അടൂർ : പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞ് തിരിഞ്ഞ് കണ്ടെത്തിയ ഇടുക്കി മൂന്നാർ പൂപ്പാറ സ്വദേശി മുഹമ്മദ് അലി (76) യെ കബറടക്കി. 2015 – ജൂലൈ 16 നാണ് പത്തനംതിട്ട പോലീസ് സംരക്ഷണാർത്ഥം അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിച്ചത്.
ഓർമ്മ നഷ്ടമായി അലഞ്ഞ് നടന്നിരുന്ന ഇദ്ദേഹം ചികിത്സയിൽ ആരോഗ്യവാനായ ശേഷം 2017-ൽ മഹാത്മജന സേവന കേന്ദം പ്രവർത്തകർ ഇദ്ദേഹവുമായി പൂപ്പാറയിൽ ബന്ധുക്കളെ അന്വേഷിച്ച് എത്തിയെങ്കിലും കണ്ടെത്തുവാൻ ആയില്ല.
വാർദ്ധക്യ സഹജമായ രോഗങ്ങൾ മൂർച്ഛിച്ചതോടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അലി മരണപ്പെടുകയും മാധ്യമങ്ങളിൽ അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഉറ്റവരാരും തേടിയെത്തിയില്ല. ഇയാളുടെ ബന്ധുകൾ കുമളി റോസാപ്പൂ കണ്ടം ഭാഗത്തുണ്ടെന്ന് ഒരാൾ ഫോണിൽ അറിയിച്ചതിനെ തുടർന്ന് പറക്കോട് ജുമാ-അത് കമ്മറ്റി ഭാരവാഹികൾ കുമളിയിലെ പള്ളി കമ്മിറ്റിയിൽ ബന്ധപ്പെട്ടെങ്കിലും ആരെയും കണ്ടെത്തുവാൻ കഴിഞ്ഞില്ല.
ഇദ്ദേഹത്തിന്റെ മരണ വിവരം അറിഞ്ഞ ജില്ലയിലെ നിരവധി മുസ്ലീം ജുമാ – അത് കളിൽ നിന്നും കബറടക്കം ചെയ്യുന്നതിന് സന്നദ്ധത അറിയിച്ചു. തുടർന്ന് പത്തനംതിട്ട മഹൽ കമ്മറ്റിക്കുവേണ്ടി അടൂർ മുസ്ലീം ജുമാ അത് പ്രസിഡന്റ് സലാവുദ്ദീൻ. എ യുടെ നേതൃത്വത്തിൽ നിസാർ റാവുത്തർ, നൗഷാദ് എം. ഷൗക്കത്ത് ഹാജി, നിരപ്പിൽ ബുഷ്റ, ജിനു, ഷാബു അടൂർ എന്നിവർ ചേർന്ന് മുഹമ്മദ് അലിയുടെ മൃതദ്ദേഹം ഏറ്റെടുത്ത് സംസ്കരിച്ചു.